ചെന്നൈ: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യ ഉന്നമനത്തിനും ഒരുപാട് പദ്ധതികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടപ്പിലാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ ഒരു ലോഭവും വിചാരിക്കാറില്ല. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് എന്താണ് ഇത്തരം പരിഗണനകള്‍ ഒന്നും ലഭിക്കാത്തത് എന്ന ചോദ്യം ചിലരെങ്കിലും ഉന്നയിക്കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്ക് പിന്നിലെ സാമൂഹ്യലക്ഷ്യം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് അത്തരക്കാര്‍ എന്ന് വേണമെങ്കില്‍ പറയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടിയും അങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. 'തമിഴ് പുതല്‍വന്‍' എന്നാണ് പദ്ധതിയുടെ പേര്. ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം അക്കൗണ്ടില്‍ നിക്ഷേപിച്ച് നല്‍കുന്നതാണ് പദ്ധതി. പെണ്‍കുട്ടികള്‍ക്കായി ആവിഷ്‌കരിച്ച 'പുതുമൈ പെണ്‍' എന്ന പദ്ധതിയുടെ തുടര്‍ച്ചയായിട്ടാണ് ആണ്‍കുട്ടികള്‍ക്കായുള്ള ഈ പദ്ധതി.


എല്ലാ ആണ്‍കുട്ടികള്‍ക്കും ഇങ്ങനെ മാസം ആയിരം രൂപ വീതം കിട്ടും എന്ന് കരുതേണ്ടതില്ല. അതിന് ചില മാനദണ്ഡങ്ങളൊക്കെയുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ച ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ആറാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചവരായിരിക്കണം. അതിന് ശേഷം ബിരുദ പഠനത്തിനോ, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കോ ചേരുന്നവര്‍ക്കാണ് പ്രതിമാസം ആയിരം രൂപ വീതം ലഭിക്കുക. സാമ്പത്തികമായും സാമൂഹ്യമായും താഴേ കിടയില്‍ നില്‍ക്കുന്ന ആണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നേടാന്‍ ഈ പദ്ധതി സഹായകരമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച തമിഴ്‌നാട് ബജറ്റില്‍ ആയിരുന്നു തമിഴ് പുതല്‍വന്‍ പദ്ധതി പ്രഖ്യാപിച്ചത്. 360 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി മാറ്റിവച്ചിരിക്കുന്നത്. എന്തായാലും ഈ ജൂണ്‍ മാസത്തോടെ പദ്ധതിയ്ക്ക് തുടക്കമാകും എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണയാണ് ഇക്കാര്യം അറിയിച്ചത്. 


തമിഴ് പുതല്‍വന് മുമ്പ് പെണ്‍കുട്ടികള്‍ക്കായി ആവിഷ്‌കരിച്ച പദ്ധതി ആയിരുന്നു പുതുമൈ പെണ്‍. 2022 ല്‍ ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ പെണ്‍കുട്ടികള്‍ തുടര്‍പഠനത്തിന് ചേരുമ്പോള്‍ പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്നതാണ് ഈ പദ്ധതി. എന്തായാലും 'പുതുമൈ പെണ്‍'  വന്‍ വിജയമായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 2.73 ലക്ഷം പെണ്‍കുട്ടികളാണ് ഈ ആനൂകൂല്യം കൈപ്പറ്റിയത്. തമിഴ് പുതല്‍വന്‍ പദ്ധതിയ്ക്ക് മൂന്ന് ലക്ഷത്തോളം ഗുണഭോക്താക്കള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  തമിഴ്‌നാട്ടില്‍ ഉന്നത വിദ്യാഭ്യാസത്തിലേക്ക് എത്തുന്നതില്‍ പെണ്‍കുട്ടികളേക്കാള്‍ കുറവാണ് ആണ്‍കുട്ടികളുടെ സ്ഥാനം.


തമിഴ്‌നാട്ടില്‍ പ്രഖ്യാപിച്ച ഈ പദ്ധതി വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തില്‍ പഠിച്ചുവരുന്ന കുട്ടികള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയത് മികച്ച തീരുമാനമായി വിലയിരുത്തപ്പെടുന്നുണ്ട്. സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ന്ന തലങ്ങളിലുള്ളവര്‍ ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കുറയ്ക്കുന്നു എന്നത് തന്നെയാണ് പ്രധാനം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.