കൊല്‍ക്കത്ത: മമത ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും ഒടുവിലായി ദുര്‍ഗാ പൂജ സംഘാടക സമിതികള്‍ക്ക് നികുതി ചുമത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയാണ് മമതയെ ചൊടിപ്പിച്ചിരിക്കുന്നത്.  


പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ഉത്സവമായ ദുര്‍ഗാ പൂജയ്ക്ക് പരിപാടികള്‍ സംഘടിപ്പിക്കുന്ന വിവിധ സംഘാടക സമിതികള്‍ക്ക് നികുതി ചുമത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരിക്കുകയാണ്.


സംസ്ഥാനത്തെ നിരവധി ദുര്‍ഗാ പൂജാ സംഘാടക സമിതികള്‍ക്ക് നികുതി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയതായും മമത ബാനര്‍ജി ആരോപിച്ചു.


"ഞങ്ങള്‍ ഞങ്ങളുടെ ദേശീയ ഉത്സവങ്ങളില്‍ അഭിമാനിക്കുന്നു. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഈ ഉത്സവങ്ങള്‍. ഒരു പൂജാ മഹോത്സവത്തിനും നികുതിയില്ല. ഇത് സംഘാടകര്‍ക്ക് വലിയ ഭാരമാണ് സമ്മാനിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ഈ നികുതികള്‍ പിന്‍വലിച്ചിരുന്നു" മമത ബാനര്‍ജി പറഞ്ഞു.


കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടിക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് മമത ബാനര്‍ജി പറഞ്ഞു. 


പ്രക്ഷോഭത്തിന്‍റെ ഭാഗമായി ആഗസ്ത് 13ന് കൊല്‍ക്കത്തയിലെ സുബോധ് മല്ലിക് സ്‌ക്വയറില്‍ ധര്‍ണ്ണ നടത്താനാണ് മമതയുടെ തീരുമാനം. കൂടാതെ, ധര്‍ണ്ണയില്‍ പങ്കെടുക്കാന്‍ ജനങ്ങളോട് മമത ആഹ്വാനം ചെയ്തു.