പട്‌ന: ബിഹാറിലെ ചകര്‍ബന്തയില്‍ മാവോയിസ്റ്റുകള്‍  ഇന്നലെ രാത്രി നടത്തിയ കുഴി ബോംബ് സ്‌ഫോടനത്തില്‍ 10 സി.ആര്‍.പി.എഫ് 'കോബ്ര' കമാന്‍ഡോകള്‍  കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ഔറംഗബാദ് ജില്ലയിൽ ഇമാമിഗഞ്ചുമായി അതിർത്തി പങ്കിടുന്ന ചകര്‍ബന്ത വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗയയിലെ മാവോയിസ്റ്റ് മേഖലകളില്‍ പരിശോധന നടത്തി സിആര്‍പിഎഫ് സംഘം തിരിച്ചുവരുമ്പോള്‍ ആയിരുന്നു സ്‌ഫോടനം.  ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ഉപയോഗിച്ചാണ് മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ സ്ഫോടനം നടത്തിയത്.പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്ടര്‍ സംഭവ സ്ഥലത്ത് എത്തിയെങ്കിലും രൂക്ഷമായ വെടിവെയ്പിനെ  തുടർന്ന് ഇറങ്ങാന്‍ കഴിയാതെ ഹെലിക്കോപ്റ്റര്‍ തിരിച്ചു പറന്നു.


തിങ്കളാഴ്ച പകൽ ആരംഭിച്ച ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച പുലർച്ചെയോടെ അവസാനിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. മേഖലയിൽ സി.ആർ.പി.എഫ് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങളും സ്ഫോടകവസ്തുക്കളുടെ ശേഖരവും കണ്ടെടുത്തിട്ടുണ്ട്.  മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് വിവരം.