ന്യൂഡല്‍ഹി: ഇന്ത്യയുടെ സുരക്ഷിതത്വം നമ്മുടെ കടമയാണെന്ന് പ്രതിരോധമന്ത്രി നിർമലാ സിതരാമന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

യാതൊരു പ്രകോപനവും ഇല്ലാതെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും റംസാന്‍ പ്രമാണിച്ച് കശ്മീരില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം അംഗീകരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. 



റംസാന്‍ പ്രമാണിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും യാതൊരു പ്രകോപനവും ഇല്ലാതെ പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ സൈനികര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ഏത് ആക്രമണത്തിനും ഇന്ത്യ മറുപടി നല്‍കിയിരിക്കും. കാരണം അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പു വരുത്താന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ് അവര്‍ പറഞ്ഞു. 


 
വിവിധ വിഷയങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയ അവര്‍ റാഫേല്‍ കരാര്‍ സംബന്ധിച്ച് പ്രതിപക്ഷത്തിന്‍റെ ആരോപണത്തില്‍ കഴമ്പില്ല എന്നും അഭിപ്രായപ്പെട്ടു.
 
ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒരു രൂപയുടെ പോലും അഴിമതിയില്ലെന്നും മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളുമായി 204 പ്രതിരോധ ഇടപാടുകളിലാണ് ഇന്ത്യ ഒപ്പുവച്ചത്. എല്ലാ കരാറുകളും സുതാര്യമായിരുന്നെന്നും മന്ത്രി വിശദീകരിച്ചു.



സേനയ്ക്കായി ഏറ്റവുമധികം പണം ചെലവഴിച്ച സർക്കാരാണിത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ് ആയുധക്ഷാമം നേരിട്ടത്. നിലവിൽ, ഇന്ത്യൻ സേനകൾ ആയുധബലത്തിൽ പൂർണ സജ്ജമെന്നും അവര്‍ പറഞ്ഞു.



ദോക് ലാം വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട അവര്‍ പ്രധാനമന്ത്രി അവിടം സന്ദർശിക്കുന്നത് നിങ്ങൾ കാണുന്നില്ലേ?, എന്ന മറുചോദ്യം ചോദിക്കാനും മറന്നില്ല.