New Parliament building: പുതിയ ഭാരതം പുതിയ ലക്ഷ്യങ്ങളിലേയ്ക്ക്, ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചു: പ്രധാനമന്ത്രി
PM Modi about new Parliament building: സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ അടയാളമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി: പാർലമെന്റിന്റെ പുതിയ മന്ദിരം നാമേവരിലും അഭിമാനവും പ്രതീക്ഷയും നിറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണ. ഫലകം അനാച്ഛാദനം ചെയ്തു കൊണ്ടാണ് അദ്ദേഹം പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിച്ചത്.
"ഇന്ന് നമുക്കെല്ലാവർക്കും അവിസ്മരണീയമായ ദിവസമാണ്. പാർലമെന്റിന്റെ പുതിയ മന്ദിരം നാമേവരിലും അഭിമാനവും പ്രതീക്ഷയും നിറയ്ക്കാൻ പോകുന്നു. ജനങ്ങളുടെ ശാക്തീകരണത്തോടൊപ്പം രാജ്യത്തിന്റെ ഐശ്വര്യത്തിനും ശക്തിക്കും ദിവ്യവും മഹത്തരവുമായ ഈ കെട്ടിടം പുതിയ ദിശയും ശക്തിയും നൽകുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്."
ALSO READ: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം; പിന്തുണച്ച് കർഷകർ
"ഇന്ത്യൻ പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ, നമ്മുടെ ഹൃദയങ്ങളും മനസ്സുകളും അഭിമാനവും പ്രതീക്ഷയും വാഗ്ദാനവും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ ഐതിഹാസിക കെട്ടിടം ശാക്തീകരണത്തിന്റെയും സ്വപ്നങ്ങളെ ജ്വലിപ്പിച്ച് അവയെ യാഥാർത്ഥ്യത്തിലേക്ക് പരിപോഷിപ്പിക്കുന്നതിന്റെയും തൊട്ടിലായിരിക്കട്ടെ. അത് നമ്മുടെ മഹത്തായ രാഷ്ട്രത്തെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കട്ടെ.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണ് ഇന്നെന്ന് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നം സാക്ഷാത്കാരിക്കപ്പെട്ട ദിനമാണിത്. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ അടയാളമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം. അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരമാണ് ഈ മന്ദിരം. പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും പുത്തൻ വഴികളിലേക്കും നീങ്ങുമെന്നും ഭാരതം വളരുമ്പോൾ ലോകവും വളരുന്നുമെന്നും പറഞ്ഞ അദ്ദേഹം രാജ്യത്തിൻ്റെ വികസനത്തിന്‍റെ അടയാളം കൂടിയാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം എന്നും കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...