ജനങ്ങളുടെ പണം ചെലവാക്കി ഡല്‍ഹിയില്‍ വരുന്നത് ഫോട്ടോ എടുക്കാന്‍: ചന്ദ്ര ബാബു നായിഡുവിനെ പരിഹസിച്ച് മോദി
ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കണക്കറ്റ് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഹൈദരാബാദ്: ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കണക്കറ്റ് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ചന്ദ്രബാബു നായിഡു ചതിയനാണ്. ആന്ധ്രയിലെ ജനങ്ങളുടെ പണം ചിലവാക്കി നായിഡുവും കൂട്ടരും നാളെ ഫോട്ടോ എടുക്കാൻ ഡല്‍ഹിയിലേക്ക് വരുന്നുണ്ട് എന്നായിരുന്നു പരിഹാസം.
എൻടിആറിന്‍റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ചന്ദ്രബാബു നായിഡുവിന് സാധിച്ചില്ലെന്നും, വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും മോദി കുറ്റപ്പെടുത്തി. എൻടിആറിനെ പിന്നിൽ നിന്ന് കുത്തിയ ചതിയനാണ് ചന്ദ്രബാബു നായിഡു. കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിച്ച എൻടി രാമറാവു സ്വന്തം പാർട്ടിയുടെ നിലപാടിൽ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകുമെന്നും മോദി പറഞ്ഞു.
ടിഡിപിയുടെ ഭരണം സംസ്ഥാനത്തെ പിന്നോട്ടടിച്ചെന്നും, മുഖ്യമന്ത്രിയുടെ ലക്ഷ്യം സ്വന്തം വളർച്ച മാത്രമാണെന്നും മോദി കൂട്ടിച്ചേർത്തു. പൊതുഖജനാവിൽ നിന്നുമാണ് സംസ്ഥാന സർക്കാർ റാലികൾക്ക് പണം ചെലവഴിക്കുന്നതെന്നും ആന്ധ്രയിലെ പൊതുപരിപാടിയിൽ സംസാരിക്കവേ പ്രധാനമന്ത്രി ആരോപിച്ചു.
'നായിഡു വളരെ മുതിർന്ന മനുഷ്യനാണ്. പുതിയ പുതിയ മുന്നണികളിലേക്ക് മാറുന്ന കാര്യത്തിലാണ് നായിഡു മുതിർന്നത്. അതേപോലെ തോൽവികളിൽ നിന്ന് തോൽവികൾ ഏറ്റുവാങ്ങുന്നതിലും നായിഡു മുതിർന്ന ആളാണ്. ആളുകളെ പിന്നിൽ നിന്ന് കുത്തുന്നതിലും നായിഡു ഏറെ മുതിർന്ന ആളാണ്. ഞാൻ ഇതിലൊന്നും മുതിർന്ന ആളല്ല..' ഇങ്ങനെ നീണ്ടു മോദിയുടെ പരിഹാസത്തിന്‍റെ നീണ്ടനിര.
അതേസമയം, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി - ടിഡിപി സഖ്യമായാണ് മത്സരിച്ചത്. വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാള്‍ ടിഡിപി എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ചു.
സഖ്യം അവസാനിച്ചതിന് ശേഷം ഇതാദ്യമായാണ് മോദി ആന്ധ്രപ്രദേശ് സന്ദർശിക്കുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിലായിരുന്ന ടിഡിപി സംസ്ഥാനത്ത് വന്‍ മുന്നേറ്റമാണ് നടത്തിയത്.
അതേസമയം 'മോദി തിരിച്ചു പോവുക' എന്ന മുദ്രാവാക്യവുമായി കറുത്ത കൊടികളുയർത്തി ആന്ധ്രയിൽ പല ഭാഗത്തും പ്രതിഷേധപ്രകടനങ്ങൾ നടന്നു.