ഗോരഖ്പുര്‍: തോക്കിന്‍റെ ഭാഷ മാത്രം അറിയുന്നവര്‍ക്ക് അതുകൊണ്ട് തന്നെ മറുപടി നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കുന്നവര്‍ക്ക് തോക്കുകളായിരിക്കും സംസാരിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്നും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നേരിടാന്‍ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 


സംസ്ഥാനത്തിന്‍റെ പാര്‍ലമെന്ററി പാരമ്പര്യങ്ങള്‍ തകര്‍ക്കുന്നവര്‍ക്കെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റില്‍ മോശമായി പെരുമാറുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സഭയില്‍ പേപ്പര്‍ ചുരുട്ടി എറിയുക, ബലൂണ്‍ പറത്തുക തുടങ്ങിയ പ്രവര്‍ത്തികള്‍ നിയമസഭയുടെ പാരമ്പര്യത്തിന് ചേരുന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 


മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ സമാജ് വാദി നേതാക്കള്‍ ഗവര്‍ണറോട് മോശമായ ഭാഷയില്‍ സംസാരിച്ചത് അത്യന്തം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.  മുന്‍പ് നമ്മുടെ സംസ്ഥാനത്ത് തികഞ്ഞ അരാജകത്വമാണ് അരങ്ങേറിയിരുന്നത്. ഈ ആളുകള്‍ ഇപ്പോഴും ആ മനോഭാവത്തില്‍ നിന്ന് പുറത്ത് വന്നിട്ടില്ല. സഭയെ അരാജകത്വത്തില്‍ നിന്ന് മോചിപ്പിക്കാനും ഇവര്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.