ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും സമയപരിധി; ലംഘിച്ചാൽ നടപടി
അസ്വാഭാവിക മരണം സംഭവിച്ചതായി റിപ്പോർട്ട് ലഭിച്ചാൽ സമയപരിധിക്കകം ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കൽ പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉത്തരവാദിത്തമാണെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി
കോഴിക്കോട്: അസ്വാഭാവിക മരണം സംഭവിച്ചാൽ മൃതദേഹ പരിശോധനയും പോസ്റ്റ്മോർട്ടവും സമയബന്ധിതമായി പൂർത്തിയാക്കാൻ പോലീസിനും ആരോഗ്യ വകുപ്പിനും ചീഫ് സെക്രട്ടറിയുടെ നിർദേശം. മരിച്ച് നാല് മണിക്കൂറിനകം ഇൻക്വസ്റ്റ് നടപടി പൂർത്തീകരിക്കണം. പ്രത്യേക കേസുകളാണെങ്കിൽ ഒരുമണിക്കൂർകൂടി അധികമെടുക്കാം.
അസ്വാഭാവിക മരണം സംഭവിച്ചതായി റിപ്പോർട്ട് ലഭിച്ചാൽ സമയപരിധിക്കകം ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കൽ പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉത്തരവാദിത്തമാണെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇൻക്വസ്റ്റ് പൂർത്തീകരിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള ചെലവ് പോലീസ് വഹിക്കണം.
എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും 24 മണിക്കൂർ മൃതദേഹ പരിശോധന നടത്തണമെന്ന് 2013ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. പിന്നീട് 2015ൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും കാസർകോട് ജനറൽ ആശുപത്രിയിലും രാത്രി മൃതദേഹ പരിശോധന നടത്തണമെന്ന് സർക്കാർ പ്രത്യേക ഉത്തരവും ഇറക്കി.
ഇതിനെതിരെ കേരള മെഡിക്കൊ ലീഗൽ സൊസൈറ്റി ഹൈകോടതിയിൽ ഹർജി ഫയൽചെയ്തു. എന്നാൽ, ഹർജി തള്ളിയ കോടതി, സർക്കാർ നേരത്തെ ഇറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് നിർദേശിച്ചു. പൊലീസ്, ആരോഗ്യവകുപ്പ് മേധാവികളുടെ യോഗം വിളിച്ചുചേർത്ത് ഇൻക്വസ്റ്റും പോസ്റ്റമോർട്ടവും സമയബന്ധിതമായി നടപ്പാക്കാൻ നിർദേശിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...