Aanvi Kamdar: റീല്‍സ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേയ്ക്ക് വീണു; ട്രാവല്‍ വ്ലോഗര്‍ക്ക് ദാരുണാന്ത്യം
Travel influencer Aanvi kamdar dies after falling off a waterfall: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നതിലുപാരിയായി 27കാരിയായ ആൻവി ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയായിരുന്നു.
മുംബൈ: സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും ട്രാവല്‍ ബ്ലോഗറുമായ ആന്‍വി കാംദാര്‍ (26) വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിലേയ്ക്ക് കാല് വഴുതി വീഴുകയായിരുന്നു. റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ചൊവാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം.
300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേയ്ക്കാണ് ആന്‍വി വീണതെന്ന് പോലീസ് പറഞ്ഞു. ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആന്‍വി കുംഭെ വെള്ളച്ചാട്ടത്തില്‍ എത്തിയത്. റീല്‍സ് എടുക്കുന്നതിനിടെ കാല് വഴുതിയ ആന്‍വി വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേയ്ക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയെങ്കിലും കനത്ത മഴയും പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയായി. 6 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആന്‍വിയെ പുറത്തെടുത്തു.
ALSO READ: പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു
വീഴ്ചയില്‍ ആന്വിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആന്‍വിയെ മനഗോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുംബൈ സ്വദേശിനിയായ ആന്വിയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 2,68 ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്സുണ്ട്. യാത്രാ വീഡിയോകളും സ്വന്തം വിശേഷങ്ങളും ടിപ്സുകളുമെല്ലാം ആന്‍വി പങ്കുവെയ്ക്കാറുണ്ടായിരുന്നു. ട്രാവല്‍ വ്ലോഗര്‍ എന്നതിലുപരിയായി ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായിരുന്നു ആന്‍വി കാംദാര്‍.