NorthEast Assembly Election Results 2023 : വടക്കുകിഴക്കിൽ കാവി മേധാവിത്വം; കൈ കൊടുത്തിട്ടും ഇടതിന് തിരിച്ചുവരാനായില്ല; ഗോത്രമേഖലയുടെ പിന്തുണയും ബിജെപിക്ക്
Meghalaya, Nagaland Tripura Assembly Elections 2023 : ത്രിപുരയിൽ ഭൂരിപക്ഷം കുറഞ്ഞെങ്കിലും ബിജെപിക്ക് ഭരണതുടർച്ചയുണ്ടാകും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി തങ്ങളുടെ ആധിപത്യം തുടരുകയാണ്. മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യ കക്ഷികളും ചേർന്ന് ത്രിപുരയിലും നാഗലാൻഡിലും ഭരണം ഉറപ്പിച്ചെങ്കിലും മേഘാലയിൽ തൂക്കുമന്ത്രിസഭയെ നിയന്ത്രിക്കുക കേന്ദ്രം ഭരിക്കുന്ന പാർട്ടി തന്നെയാകും. ത്രിപുരയിൽ ലീഡ് കുറഞ്ഞെങ്കിലും കോൺഗ്രസ്-സിപിഎം സഖ്യത്തിന്റെയും ഗോത്ര സംഘടനയായ തിപ്ര മോതയുടെ വെല്ലിവിളിയും ബിജെപി അതിജീവിക്കുകയും ചെയ്തു. നാഗലാൻഡിൽ എൻഡിപിപിയുമായി വ്യക്തമായ ഭൂരിപക്ഷം നേടിയ ബിജെപി തങ്ങളുടെ തുടർഭരണത്തിന്റെ വാതിൽ തുറന്നിരിക്കുകാണ്. മേഘാലയിൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന എൻപിപി ലീഡ് ചെയ്യുന്നുണ്ടെങ്കിലും കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. ഇവിടെ ബിജെപി രണ്ട് സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
കൈ കോർത്തിട്ടും ത്രിപുരയിൽ താമര വീണ്ടും വിരിഞ്ഞു
ലീഡ് കുറഞ്ഞെങ്കിലും സിപിഎമ്മിന്റെ കുത്തകയായിരുന്ന ത്രിപുര വീണ്ടും കൈയ്യടിക്കി വെക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. നാല് സീറ്റുകൾ കുറഞ്ഞതിന്റെ ക്ഷീണം മാത്രമാണ് ബിജെപിക്ക് ത്രിപുരയിലുള്ളത്. എന്നാൽ സഖ്യകക്ഷിയായ ഗോത്രവർഗ പാർട്ടി ഐപിഎഫ്ടിക്ക് ആകെ ജയിക്കാൻ സാധിച്ചിരിക്കുന്നത് ഒരു സീറ്റിൽ മാത്രമാണ്. 2018ൽ എട്ട് സീറ്റ് സ്വന്തമാക്കിയ ഗോത്രവർഗ പാർട്ടിയാണ് ഇത്തവണ ഒരു സീറ്റിലേക്ക് ഒതുങ്ങിയത്.
കോൺഗ്രസും ഇടതുപാർട്ടികളും സഖ്യം ചേർന്നെങ്കിലും വലിയ മാറ്റങ്ങൾ ഒന്നും തന്നെ വന്നില്ല. സിപിഎമ്മിന് ആകെയുണ്ടായിരുന്ന അഞ്ച് സീറ്റും കൂടി ഇല്ലാതെയായി. കോൺഗ്രസ് പൂജ്യത്തിൽ നിന്ന് മൂന്നായി ഉയർന്നു. ഇരു സഖ്യത്തിനു വിനയായത് തിപ്ര മോതയെന്ന പാർട്ടുയുടെ കടന്നുവരവാണ്. കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷനും ത്രിപുര രാജകുടുംബത്തിലെ കിരീടാവകാശിയും ആയ പ്രദ്യോത് കിഷോർ ദേബ് ബര്‍മന്റെ നേതൃത്വത്തിലുള്ള തിപ്ര മോത പാര്‍ട്ടിയുടെ സാന്നിധ്യമാണ് ഈ തിരഞ്ഞെടുപ്പില്‍ ശരിക്കും നിര്‍ണായകമായത്. അതാണ് ഇരു സഖ്യത്തിന്റെ വോട്ട് ചോർച്ചകൾക്ക് വഴിവച്ചത്. 13 സീറ്റാണ് പ്രദ്യോത് ദേബ് ബർമന്റെ പാർട്ടി കന്നിയങ്കത്തിൽ നേടിയെടുത്തത്.
കണക്കുകളിലേക്ക് കണ്ണും നട്ട് മേഘാലയ
മേഘാലയയിൽ ഭരണകക്ഷിയായിരുന്നു ബിജെപിയും എൻപിപി രണ്ടായി തന്നെയാണ് മത്സരിച്ചത്. ബിജെപിയുമായി കൈ കോർത്താലും 25 സീറ്റുകളിൽ മാത്രം ഭൂരിപക്ഷമുള്ള എൻപിപിക്ക് നിലവിൽ ഒരു മന്ത്രിസഭ രൂപീകരിക്കാൻ സാധിക്കുന്നതല്ല. യുഡിപി പോലെയുള്ള മറ്റുള്ളവർക്കൊപ്പം ചേർന്നോ നിലവിലെ ഭരണകക്ഷിക്ക് മന്ത്രിസഭ തുടങ്ങനാണ് സാധ്യത. അഞ്ച് സീറ്റുകൾ നേടികൊണ്ടുള്ള മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ മേഘാലയിലേക്കുള്ള കടന്നുവരവാണ് മറ്റൊരു പ്രത്യേകത. അതേസമയം 16 സീറ്റുകൾ നഷ്ടമായി കോൺഗ്രസിന് ആകെ നേടാനായത് അഞ്ച് സീറ്റുകളായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മേഘാലയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു കോൺഗ്രസ്.
നാഗലാൻഡിൽ ബിജെപി എൻഡിപിപി കരുത്ത്
എൻഡിപിപി പാർട്ടിക്കൊപ്പം ബിജെപി നാഗലാൻഡിൽ തുടർഭരണത്തിന് ഒരുങ്ങുകയാണ്. 37 ഓളം സീറ്റുകളിലാണ് നിലവിൽ ബിജെപി-എൻഡിപിപി സഖ്യം നാഗാലൻഡിൽ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷികളായിരുന്ന എൻപിഎഫിന് വലിയ തകർച്ചയാണ് ഇത്തവണ നേരിടേണ്ടി വന്നിരിക്കുന്നത്. കൂടാതെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത അംഗ ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ നാഗാലാൻഡ് നിയമസഭയിൽ എത്തിച്ചേരുകയാണ്. എൻഡിപിപിയുടെ ഹെഖാനി ജഖ്ലുവാണ് നാഗാലാൻഡിലെ ആദ്യ വനിത എംഎൽഎ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...