Murder: രണ്ട് മുസ്ലീം പുരുഷന്മാരുടെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ; ഗോ സംരക്ഷകർ കൊന്ന് കത്തിച്ചതെന്ന് ആരോപണം
Two Men Charred To Death: ബുധനാഴ്ച ഇവരെ തട്ടിക്കൊണ്ടുപോയതായും വ്യാഴാഴ്ച രാവിലെ ഭിവാനിയിലെ ലോഹറുവിലെ കത്തിക്കരിഞ്ഞ കാറിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
ചണ്ഡിഗഢ്: ഹരിയാനയിലെ ഭിവാനി ജില്ലയിൽ രണ്ട് പേരെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ഘട്മീക ഗ്രാമത്തിൽ താമസിക്കുന്ന നസീർ (25), ജുനൈദ് (35) എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്ന് പശു സംരക്ഷകരെന്ന് പറയപ്പെടുന്നവർ ഇവരെ തട്ടിക്കൊണ്ടുപോയിരുന്നു. ബുധനാഴ്ച ഇവരെ തട്ടിക്കൊണ്ടുപോയതായും വ്യാഴാഴ്ച രാവിലെ ഭിവാനിയിലെ ലോഹറുവിലെ കത്തിക്കരിഞ്ഞ കാറിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
തട്ടിക്കൊണ്ടുപോയവർ ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്ന് മരിച്ചവരുടെ കുടുംബങ്ങൾ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പശുസംരക്ഷണത്തിന്റെ പേരിലാണോ കൊലപാതകം നടന്നതെന്ന് അന്വേഷിച്ച് വരികയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് പേരെ കാണാതായതായി ഭരത്പൂരിലെ ഗോപാൽഗഡ് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ഇവർക്കായി തിരച്ചിൽ ആരംഭിച്ചുവെന്നും ഭരത്പൂർ റേഞ്ച് ഐജി ഗൗരവ് ശ്രീവാസ്തവ പറഞ്ഞു.
ഭരത്പൂരിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ലോഹറുവിലേക്ക് വാഹനം എത്തിച്ച് തീയിടാനുള്ള സാധ്യത പോലീസ് അന്വേഷിക്കുകയാണെന്ന് ലോഹറു (ഭിവാനി) ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജഗത് സിംഗ് പറഞ്ഞു. ഇരകളുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ ഗോപാൽഗഡ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഭരത്പൂർ പോലീസ് സൂപ്രണ്ട് ശ്യാം സിംഗ് പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പശു സംരക്ഷകരുടെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന്, ഇത് അന്വേഷണ പരിധിയിലുള്ള വിഷയമാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കത്തിക്കരിഞ്ഞ വാഹനത്തിന്റെ ഉടമ അസീൻ ഖാൻ എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. രാജസ്ഥാനിലെ ഗോപാൽഗഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി ഹരിയാന പോലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...