ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് ജെയ്ഷെ ഭീകരരെ വധിച്ചു
പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് സംശയിക്കുന്നത്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും ഐജിപി വിജയ് കുമാർ വ്യക്തമാക്കി.
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ മിർഹാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരരും പാകിസ്ഥാനിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണെന്ന് കശ്മീർ ഐജിപി വിജയ് കുമാർ പറഞ്ഞു. കൊല്ലപ്പെട്ട ഭീകരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. രണ്ട് എകെ 47 റൈഫിളുകൾ, ഏഴ് എകെ മാഗസിനുകൾ, ഒമ്പത് ഗ്രനേഡുകൾ എന്നിവയാണ് കണ്ടെടുത്തത്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് സംശയിക്കുന്നത്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും ഐജിപി വിജയ് കുമാർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിൽ ഇന്ന് സന്ദർശനം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരിക്കുന്നത്. പഞ്ചായത്തി രാജ് ദിവസിൻറെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അതേസമയം, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഭീകരർക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യയെ ലക്ഷ്യമിട്ടാൽ അതിർത്തി കടന്ന് മറുപടി നൽകാൻ മടിക്കില്ലെന്ന് അസമിലെ ഗുവാഹത്തിയിൽ രാജ് നാഥ് സിംഗ് പറഞ്ഞു. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ജീവൻ വെടിഞ്ഞ സൈനികരെ അനുസ്മരിക്കുന്ന ചടങ്ങിലായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
പ്രധാനമന്ത്രി, രാജ്യത്ത് ഭീകരവാദത്തെ തുടച്ചു നീക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്. ഒരു പോരാട്ടത്തിൽ നിന്നും രാജ്യം പിൻമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ കിഴക്കൻ സംസ്ഥാനങ്ങളും അതിർത്തികളും തീർത്തും സമാധാനപരമാണ്. അവിടങ്ങളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ കുറഞ്ഞുവരികയാണ്. ഇതിന് കാരണം ബംഗ്ലാദേശ് സൗഹൃദ അയൽരാജ്യമായതിനാലാണെന്നും രാജ്നാഥ്സിംഗ് ചൂണ്ടിക്കാട്ടി. മണിപ്പൂർ, അസം, നാഗാലാന്റ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലെ വിവിധ ജില്ലകൾ അഫ്‌സ്പ മുക്തമായെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...