ജനീവ: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ യുഎന്‍ മനുഷ്യാവകാശ സമിതി നടുക്കം രേഖപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവര്‍ക്ക് നേരെ ഭീഷണിയുയരുന്നുവെന്ന് സമിതി കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന മത അസഹിഷ്ണുതയുടേയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണങ്ങളേയും നിശിതമായി വിമര്‍ശിച്ചു യുഎന്‍ മനുഷ്യാവകാശ സമിതി.  


ഇന്ത്യയില്‍ ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പകരം അവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 


ജനീവയില്‍ മുപ്പത്തിയാറാമത് മനുഷ്യാവകാശ കൗണ്‍സിലിന്‍റെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.


പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതക വിഷയവും റോഹിംഗ്യന്‍ 
അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള ഇന്ത്യന്‍ നിലപാടും സൂചിപ്പിച്ചായിരുന്നു സെയ്ദ് റാദ് അല്‍ ഹുസൈന്‍റെ വിര്‍ശനം.


കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ചര്‍ച്ച നടത്താന്‍ ഇന്ത്യയും പാകിസ്ഥാനും  തയ്യാറാവാത്ത നിലപാടിനെയും അല്‍ ഹുസൈന്‍ കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളും നിയന്ത്രണ രേഖയ്ക്ക് ഇരുവശവുമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സഹകരിക്കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശനമുന്നയിച്ചു.


തന്‍റെ പരാമര്‍ശത്തില്‍ വര്‍ഗീയതയ്‌ക്കെതിരെ നിരന്തരമായി ശബ്ദമുയര്‍ത്തിയിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഗൗരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും 12 നഗരങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങളില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.