രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് നിയമ കമ്മീഷന്‍റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തേടി. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ സാദ്ധ്യത പരിശോധിയ്ക്കാന്‍ സര്‍ക്കാര്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടു. ആദ്യമായാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമ കമ്മീഷനെ സമീപിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് ഭരണഘടനയുടെ നാല്‍പത്തിനാലാം വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1985-ലെ ഷാബാനോ കേസില്‍ പുറപ്പെടുവിച്ച ഉത്തരവിലും വ്യക്തിനിയമങ്ങള്‍ക്കും ഏക സിവില്‍ കോഡ്  ബാധകമാണെന്ന് സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നത് മറികടക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് ശ്രമിച്ചിരുന്നു. ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന തീരുമാനത്തിനെ എതിര്‍ത്ത് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും വിവിധ മുസ്‌ലിം സംഘടനകളും ശക്തമായി  രംഗത്തെത്തിയിരിക്കുന്നതിനിടെയാണ് സിവില്‍കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ച് നിയമകമ്മീഷന്‍റെ റിപ്പോര്‍ട്ട് കേന്ദ്രം ആരാഞ്ഞിരിക്കുന്നത്.


ഇതുമായി ബന്ധപ്പെട്ട് നടന്ന കേസുകളുടെയും നിയമ പ്രക്രിയകളുടെയും രേഖകളാണ് ഇതില്‍ ഒരു ഭാഗം. ഇക്കാര്യത്തില്‍ നടന്നിട്ടുള്ള ചര്‍ച്ചകളുടെയും സംവാദങ്ങളുടെയുമെല്ലാം വിശദാംശങ്ങളാണ് മറ്റൊന്ന്, ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചായിരിയ്ക്കും സുപ്രീം കോടതി മുന്‍ ജഡ്ജി ബല്‍ബീര്‍ സിങ്ങ് ചൌഹാന്‍ അദ്ധ്യക്ഷനായ നിയമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക.