ലഖ്നൗ: ഉന്നാവോ പീഡന കേസില്‍ പിടിമുറുക്കി സിബിഐ. മുഖ്യ പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗറിന് രക്ഷപെടാനുള്ള പഴുതുള്‍ ഓരോന്നായി അടയ്കുകയാണ് സിബിഐ.


COMMERCIAL BREAK
SCROLL TO CONTINUE READING

എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്‍റെ വീട്ടിലടക്കം 17 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.  ലഖ്‌നൗ, ഉന്നാവോ, ബാണ്ഡ, ഫത്തേപ്പൂര്‍ ജില്ലകളിലെ 17 കേന്ദ്രങ്ങളിലാണ് സിബിഐ അന്വേഷണ സംഘത്തിന്‍റെ റെയ്ഡ് നടക്കുന്നത്. 


ഉത്തര്‍ പ്രദേശിലെ നാലു ജില്ലകളില്‍ റെയ്ഡ് നടക്കുകയാണെന്നും അന്വേഷണം തുടരുകയാണെന്നും സിബിഐ സംഘം പ്രസ്താവനയില്‍ അറിയിച്ചു.


കഴിഞ്ഞദിവസം കുല്‍ദീപ് സിംഗ് സെന്‍ഗര്‍ കഴിയുന്ന സീതാപുര്‍ ജയിലിലും സിബിഐ പരിശോധന നടത്തിയിരുന്നു. കുല്‍ദീപിനെ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയവരുടെ വിവരങ്ങള്‍ പരിശോധിക്കുകയായിരുന്നു ലക്ഷ്യം. 


അതേസമയം, അന്വേഷണ സംഘത്തെ സിബിഐ വിപുലീകരിച്ചിട്ടുണ്ട്. 20 അംഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടം നടന്ന സ്ഥലമടക്കം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലഖ്നൗവിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 


എന്നാല്‍, കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലിനായി, കേസിലെ മുഖ്യപ്രതി കുല്‍ദീപ് സിംഗ് സെന്‍ഗറിനെ സീതാപൂർ ജയിലിൽ നിന്ന് ഞായറാഴ്ച രാത്രി ഡല്‍ഹിയിലേയ്ക്ക് കൊണ്ടുപോകാനുള്ള സാധ്യതയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.


ഉന്നാവോ കേസില്‍ സുപ്രീം കോടതിയുടെ കര്‍ശന നിരീക്ഷണമാണ് ഉള്ളത്. കൂടാതെ, അപകടം അന്വേഷിക്കാന്‍ സിബിഐയ്ക്ക് വെറും 7 ദിവസമാണ് നല്‍കിയിരിക്കുന്നത്.