യോഗിയെ അട്ടിമറിക്കുമോ അഖിലേഷ്? എന്താകും യോഗിയുടെ യോഗം?
തെരഞ്ഞെടുപ്പ് ഗോഥയിൽ ബിജെപിയും എസ്.പിയും നേർക്കുനേർ പോരാടിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു.
ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് രാജ്യം. പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ എന്ന നിലയിലാണ് യുപി തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നരീക്ഷകർ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഇതുവരെ കാണാത്ത വീറും വാശിയുമാണ് തെരഞ്ഞെടുപ്പ് രംഗത്ത് പ്രകടമായത്. ബിജെപി -എസ്.പി. മത്സരം എന്നതിനപ്പുറം യോഗിയും അഖിലേഷും തമ്മിലുളള നേർക്ക് നേർ പോരാട്ടമായി അത് മാറി.
വീണ്ടും അധികാരത്തിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും യോഗി അദിത്യനാഥും. പുറത്ത് വന്ന എല്ലാ എക്സിറ്റ് പോളുകളും ബിജെപിക്ക് മുൻതൂക്കം നൽകുന്നതാണ്. അത് ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസവും വളരെ വലുതാണ്. എന്നാൽ എക്സിറ്റ് പോൾ സർവേകളെ പൂർണമായും തള്ളുകയാണ് സമാജ് വാദി പാർട്ടി. യഥാർത്ഥ ജനവിധി പുറത്ത് വരുമ്പോൾ അന്തിമ വിജയം തങ്ങൾക്കൊപ്പമായിരിക്കുമെന്ന് അഖിലേഷ് യാദവും കൂട്ടരും ഉറച്ച് വിശ്വസിക്കുന്നു.
എക്സിറ്റ് പോളുകൾ പുറത്ത് വന്നെങ്കിലും യുപിയിലെ ഫലം പ്രവചനാതീതമെന്ന അഭിപ്രായമാണ് ചില രാഷ്ട്രീയ നിരീക്ഷകർ പങ്ക് വക്കുന്നത്. യോഗി സർക്കാരിനെതിരെ സംസ്ഥാനത്തിന്റെ ചില മേഖലകളിൽ ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ട്. കോവിഡ് പ്രതിരോധ രംഗത്തെ വീഴ്ചയും, പെട്രോൾ ഡീസൽ വിലക്കയറ്റവും അവശ്യ സാധനങ്ങളുടെ വില വർദ്ധനവുമടക്കമുള്ള വിഷയങ്ങൾ ശക്തമായി ഉയർത്തിക്കാട്ടാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞു. ലഖിംപൂർ ഖേരി കൊലപാതകവും കർഷക പ്രതിഷേധവുമെല്ലാം പല ഘട്ടങ്ങളിലും ബിജെപിയെ പ്രതിരോധത്തിലാക്കി.
എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ ഉയർത്തികാട്ടിയായിരുന്നു ബിജെപിയുടെ പ്രചരണം. ഒപ്പം പരമാവധി ജാതി വോട്ടുകൾ നേടിയെടുക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. എല്ലാ ഘട്ടത്തിലും പ്രധാന മന്ത്രി നരേന്ദ്രമോദി പ്രചരണ രംഗത്ത് നിറഞ്ഞ് നിന്നു. തെരഞ്ഞെടുപ്പ് ഗോഥയിൽ ബിജെപിയും എസ്.പിയും നേർക്കുനേർ പോരാടിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു.
പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ പ്രചരണം നടത്തിയെങ്കിലും വോട്ടർമാർക്കിടയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല.1 മുതൽ 3 വരെ സീറ്റുകളാണ് വിവിധ സർവേകൾ കോൺഗ്രസിന് പ്രവചിക്കുന്നത്. പരമാവധി ലഭിക്കുമെന്ന് പറയുന്നതാകട്ടെ 9 സീറ്റുകൾ മാത്രവും. ഒരു കാലത്ത് യുപി അടക്കി വാണിരുന്ന മായാവതിയുടെ ബിഎസ്പിക്കും ഈ തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കൻ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. യോഗിയോ - അഖിലേഷോ എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്. എക്സിറ്റ് പോളുകളെല്ലാം അതേപടി ശരിയായാൽ വീണ്ടും യോഗിയുടെ കിരീടധാരണത്തിനാകും യുപി സക്ഷ്യം വഹിക്കുക. വിധി മറിച്ചായാൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി തന്നെ അത് മാറ്റി മറിച്ചേക്കാം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...