UP Politics: ലോഹ്യാവാദവും അംബേദ്ക്കറിസവും; അഖിലേഷിന്റെ സോഷ്യൽ എഞ്ചിനീയറിംഗ്
UP Politics: ദളിത്- ബ്രാഹ്മണ സോഷ്യൽ എഞ്ചിനീയറിംഗ് ഫോർമുല സ്വീകരിച്ച് അധികാരത്തിന്റെ കൊടുമുടിയിലെത്തിയ മായവതിയ്ക്ക് അഖിലേഷിന്റെ പുതിയ പരീക്ഷണം സൃഷ്ടിക്കുന്ന ഫലത്തെക്കുറിച്ച് ആശങ്കയുണ്ട്.
ഉത്തർപ്രദേശിലെ രാഷ്ട്രീയം ചുറ്റിതിരിയുന്നത് ജാതിയിൽ മാത്രം കേന്ദ്രീകരിച്ചാണ്. സമാജ്‌വാദി പാർട്ടിയുടെ വളർച്ചയ്ക്ക് വെള്ളവും വളവും നൽകിയിരുന്ന ജോലി രാഷ്ട്രീയമായി നിർവഹിച്ചിരുന്നത് അഖിലേന്ത്യാ യാദവ മഹാസഭയായിരുന്നു. സമാജ്‌വാദി പാർട്ടി രൂപീകരണത്തിൽ യാദവ മഹാസഭ പ്രധാന പങ്കുവഹിച്ചു. മഹാസഭയിൽ പിടിമുറുക്കി മുലായം സിംഗ് സംസ്ഥാനത്തെ ഏറ്റവും വലിയ യാദവ നേതാവായി. യാദവ വോട്ടുകളുടെ അടിസ്ഥാനത്തിൽ മുലായം സിംഗ് യാദവും ഒരു തവണ മകൻ അഖിലേഷ് യാദവും മുഖ്യമന്ത്രിയായി നാടിന്റെ ഭരണചക്രം തിരിച്ചു. പീന്നിടുണ്ടായ രാഷ്ട്രീയ ചലനങ്ങൾ യാദവ വിഭാഗത്തിൽ ചേരി തിരിവുകൾ സൃഷ്ടിച്ചു.
മുലായം സിംഗിന് യാദവർക്കിടയിലുള്ള ബന്ധം പിൻതുടരാൻ അഖിലേഷിന് കഴിഞ്ഞില്ല. മുലായം സിംഗിന്റെ സഹോദരൻ ശിവപാൽ സിംഗ് യാദവ് മറ്റൊരു പാർട്ടിയുണ്ടാക്കി യാദവ വോട്ടിൽ വിള്ളലുണ്ടാക്കി. അതിനിടെ എസ്പിയെ എല്ലാക്കാലവും തുണച്ചിരുന്ന യാദവ മഹാസഭയുടെ നേതൃതലത്തിലും മാറ്റങ്ങൾ സംഭവിച്ചു. മഹാസഭയുടെ ദേശീയ അധ്യക്ഷനായി കൊൽക്കത്തയിലെ ഡോ.സഗുൺ ഘോഷ് തിരഞ്ഞെടുക്കപ്പെട്ടു. ബിഎസ്പി എംപി ശ്യാം സിംഗ് യാദവിനെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു. മഹാസഭയുടെ സംഘടനാ തലങ്ങളിലെ ഈ മാറ്റം സമാജ്‌വാദികൾക്ക് തിരിച്ചടിയായി.
ALSO READ: 'ഓപ്പറേഷൻ പൈലറ്റ്' : ജ്യോതിരാദിത്യ സിന്ധ്യയുടെ വഴി സച്ചിൻ ?
അതിനിടെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി, പിഎസ്പി, ഭീം ആർമി, എഐഎംഐഎം എന്നിവ ഒരുമിപ്പിച്ച് യുപിയിൽ മൂന്നാം മുന്നണിയുണ്ടാക്കാനുള്ള പരിശ്രമങ്ങളിലാണ്. യാദവ-മുസ്ലീം വോട്ടുകളിലെ ഭിന്നത, പിന്നാക്ക ജാതിക്കാരുടെ വോട്ടിലെ വിള്ളൽ ഇതിനൊക്കെ വലിയ വിലയാണ് അഖിലേഷ് നൽകേണ്ടി വരിക. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിസന്ധികൾ തുടർച്ചയായി വർധിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് പുതിയ തന്ത്രങ്ങൾ പയറ്റാൻ അഖിലേഷ് തയ്യാറെടുത്തു കഴിഞ്ഞു.
ഒരു കാലത്ത് യുപി രാഷ്ട്രീയത്തിലെ ബ്രാഹ്മണ മേധാവിത്വം തകർക്കുന്നതിന് വഴിയൊരുക്കിയ ലോഹ്യവാദവും അംബേദ്ക്കറിസവും കൂടിക്കലരുന്ന ഒരു ചേരുവയാണ് എസ്പിയുടെ രാഷ്ട്രീയ പരീക്ഷണശാലയിൽ ഒരുങ്ങുന്നത്. ദളിത് വോട്ട് ബാങ്കാണ് എസ്പിയുടെ ലക്ഷ്യം. സംസ്ഥാനത്തെ അഞ്ച് ശതമാനം ദളിതരെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചിത്രം മാറുമെന്നാണ് അഖിലേഷിന്റെയും കൂട്ടരുടേയും വിശ്വാസം. മുൻ കാബിനറ്റ് മന്ത്രി കെകെ ഗൗതം, ഇന്ദർജിത് സരോജ് , ബാബാസാഹെബിന്റെ ചെറുമകനും മുൻ എംപിയുമായ പ്രകാശ് അംബേദ്ക്കർ തുടങ്ങിയവർ അഖിലേഷിനൊപ്പമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുകയും എസ്പിയുടെ വോട്ട് ബാങ്ക് 33 ശതമാനത്തിനടുത്തെത്തുകയും ചെയ്തിരുന്നു.
ALSO READ: താമര കയ്യിൽപിടിച്ച് അമരീന്ദറിന്റെ യാത്ര; കഥ ഇതുവരെ
ബാബാ സാഹിബ് വാഹിനിയുടെ പേരിൽ ദേശീയ തലം മുതൽ നിയമസഭാ മണ്ഡലം വരെ അഖിലേഷ് കമ്മിറ്റി രൂപീകരിച്ചു. സമാജ്‌വാദി നേതൃത്വത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ മായാവതിയെയും ബിഎസ്പിയേയുമാണ് കൂടുതലായും ദുർബലപ്പെടുത്തുക. ദളിത്- ബ്രാഹ്മണ സോഷ്യൽ എഞ്ചിനീയറിംഗ് ഫോർമുല സ്വീകരിച്ച് അധികാരത്തിന്റെ കൊടുമുടിയിലെത്തിയ മായവതിയ്ക്ക് അഖിലേഷിന്റെ പുതിയ പരീക്ഷണം സൃഷ്ടിക്കുന്ന ഫലത്തെക്കുറിച്ച് ആശങ്കയുണ്ട്. സ്വന്തം വോട്ടർമാരെ പാർട്ടിയിൽ ഉറപ്പിച്ച് നിർത്തുകയെന്ന വെല്ലുവിളി ഏറ്റെടുക്കാനുള്ള യുദ്ധകാല അടിസ്ഥാനത്തിലുള്ള ആലോചന ബിഎസ്പി ക്യാമ്പിൽ ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...