ന്യൂഡല്‍ഹി: നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ പിന്മാറി.ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് തീരുമാനം. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം അടക്കമുള്ളവയുടെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില്‍ നടക്കുന്ന സമ്മേളനത്തില്‍നിന്ന് പിന്മാറുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചകോടി വിജയിപ്പിക്കാന്‍ പറ്റിയ സാഹചര്യമില്ലെന്ന് വിശദീകരണത്തോടെയാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മേഖലാ സഹകരണ കൂട്ടായ്മ (സാര്‍ക്)യുടെ സുപ്രധാന യോഗം ബഹിഷ്കരിക്കുന്ന കാര്യം ഇന്ത്യ പ്രഖ്യാപിച്ചത്. 


നവംബര്‍ 9,10 തീയതികളിലാണ് സാര്‍ക് ഉച്ചകോടി. പിന്മാറ്റ വിവരം സാര്‍ക്കിന്‍െറ നിലവിലെ അധ്യക്ഷ രാജ്യമായ നേപ്പാളിനെ അറിയിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നതും അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടുന്നതും ഉച്ചകോടിക്കു പറ്റിയ അന്തരീക്ഷം നഷ്ടപ്പെടുത്തിയെന്ന് അധ്യക്ഷ രാജ്യത്തെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു.


ഉ18 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണത്തില്‍ പാക് പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു. തൊട്ടുപിന്നാലെയാണ് സാര്‍ക്ക് ഉച്ചകോടിയില്‍നിന്ന് പിന്മാറുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്.


പാകിസ്താനുമായി ബന്ധങ്ങള്‍ ചുരുക്കുന്നതിന്‍റെ ഭാഗമായി അതിപ്രിയ രാജ്യ (എം.എഫ്.എന്‍) പദവി റദ്ദാക്കുന്ന കാര്യം പരിഗണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിന് 20 വര്‍ഷം മുമ്പാണ് പാകിസ്താന് ഈ പദവി ഇന്ത്യ അനുവദിച്ചത്.


ഇതിനിടെ, യു.എന്‍ പൊതു സഭയില്‍ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നു പറയുകയും, കശ്മീരും ബലൂചിസ്താനും സമാന വിഷയങ്ങളായി അവതരിപ്പിക്കുകയും ചെയ്തതില്‍ പ്രതിഷേധിക്കുന്ന പ്രമേയം പാക് ദേശീയ അസംബ്ളി പാസാക്കി.