ഉറി ഭീകരാക്രമണം: മരണസംഖ്യ 20 ആയി; ഭീകരര്‍ നടത്തിയ ആക്രമണം പാകിസ്ഥാന് പിന്തുണയോടെയെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയെ ഞെട്ടിച്ച വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായ ഉറി സൈനിക ക്യാന്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 20 ആയി. ഇന്നലെ 17 പേര്‍ മരണമടഞ്ഞതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികര്‍ കൂടി മരണത്തിന് കീഴടങ്ങി.
ശ്രീനഗര്‍: ഇന്ത്യയെ ഞെട്ടിച്ച വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായ ഉറി സൈനിക ക്യാന്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 20 ആയി. ഇന്നലെ 17 പേര്‍ മരണമടഞ്ഞതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികര്‍ കൂടി മരണത്തിന് കീഴടങ്ങി.
നിയന്ത്രണരേഖയ്ക്കടുത്തുള്ള ഡോഗ്ര 10 റെജിമെന്റിന്‍റെ അഡ്മിനിസ്‌ട്രേറ്റീവ് ബേസിനു നേരേ ഇന്നലം പുലര്‍ച്ചെ 5.30 നാണു ഭീകരാക്രമണമുണ്ടായത്. പട്ടാളവേഷത്തിലെത്തിയ നാലു ഭീകരരാണ് ആക്രമണം നടത്തിയത്. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ സൈന്യം നാലു ഭീകരരെയും വധിച്ചു.
കൂടാരങ്ങള്‍ക്കു സ്‌ഫോടനത്തെത്തുടര്‍ന്നു തീപിടിച്ചപ്പോഴാണ് ഉറങ്ങിക്കിടന്ന 14 സൈനികര്‍ പൊള്ളലേറ്റു മരിച്ചത്. മൂന്നു പേര്‍ ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ 70 കിലോമീറ്റര്‍ അകലെ ശ്രീനഗറിലെ സൈനികാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ ഇന്ന് മരിച്ചു.
സേനാംഗങ്ങള്‍ ചുമതല കൈമാറുന്ന സമയങ്ങളിലേ നേരീയ ജാഗ്രതക്കുറവാണ് ഉറിയില്‍ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത്. ഈ വേളയെക്കുറിച്ചുള്ള ശരിയായ മുന്‍ധാരണയുള്ളവര്‍ ഭീകരര്‍ക്ക് പിന്തുണയുമായി കൂടെയുണ്ടായിരുന്നു. പാക്കിസ്ഥാന്‍ സേനയുടെയും ചാരസംഘടനയായ ഐഎസ്‌ഐയുടെയും പിന്തുണയ്ക്കൊപ്പം പ്രദേശവാസികളുടെയും പിന്തുണ ഇക്കാര്യത്തില്‍ ഭീകരര്‍ക്ക് തുണയായുണ്ട്. വേണ്ടത്ര സംരക്ഷണമില്ലാത്ത, ക്യാമ്ബ് തിരഞ്ഞെടുത്ത് ആക്രമിക്കാന്‍ ഈ പിന്തുണ ഭീകരര്‍ക്ക് തുണയായിട്ടുണ്ടെന്ന് സൈനിക കേന്ദ്രങ്ങള്‍ തന്നെ സമ്മതിക്കുന്നു.
2016 ജനുവരിയില്‍ പഞ്ചാബിലെ പത്താന്‍കോട് വ്യോമസേനാ താവളത്തിനു നേരേ ആറു ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴു സൈനികരും ഒരു സാധാരണക്കാരനുമാണു കൊല്ലപ്പെട്ടത്. പത്താന്‍കോട്ടിലേതിനു സമാനമായിരുന്നു ഉറിയിലെ ആക്രമണവും. സൈനികര്‍ ഉറങ്ങിക്കിടന്ന സമയത്താണു പത്താന്‍കോട്ടും ഭീകരാക്രമണമുണ്ടായത്.
അതിനു മുന്‍പ് 2002 മെയിലാണ് ഇത്തരത്തിലുള്ള ഏറ്റവും മാരകമായ ആക്രമണം നടന്നത്. കാലുച്ചക്ക് ക്യാമ്പിനുനേര്‍ക്കുനടന്ന ആക്രമണത്തില്‍ 31 പേരാണ് അന്ന് മരിച്ചത്.നിയന്ത്രണ രേഖയില്‍നിന്ന് ആറോ ഏഴോ കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള ഉറി സൈനിക ക്യാമ്പിലാണ് ഇപ്പോള്‍ ആക്രമണം നടന്നത്.