ഡെറാഡൂൺ : ഉത്തരാഖണ്ഡില്‍ ഉണ്ടായ വന്‍ കാട്ടു തീയ്ക്ക് പിന്നിൽ തടി മാഫിയകളെന്ന് സംശയം .സംഭവവുമായി ബന്ധപ്പെട്ട് നാല് ആളുകൾ അറസ്റ്റിലായിട്ടുണ്ടെന്ന് കേന്ദ്ര പാരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവേദ്ക്കർ പറഞ്ഞു .കാട്ടു തീ  ഉൾ  വനങ്ങളിലേക്ക് പടർന്ന് കൊണ്ടിരിക്കുകയാണ് . 13 ജില്ലകളിലായി 3000  ഓളം ഏക്കർ  വനപ്രദേശമാണ് അഗ്നിക്കിരയായത്. വനംവകുപ്പും പ്രദേശവാസികളും കഠിനമായി തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും തീ പൂര്‍ണയും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന കാട്ട് തീയിൽ കഴിഞ്ഞ മാസം മാത്രം 1200 ഏക്കർ വനം കത്തി നശിക്കുകയുണ്ടായിട്ടുണ്ട് . 


COMMERCIAL BREAK
SCROLL TO CONTINUE READING

കഠിനമായ വേനലാണ് കാട്ടു തീ ഉണ്ടാകാന്‍ കാരണമെന്നാണ്  വനംവകുപ്പ് ഉദ്യോഗസ്ഥർ  പറയുന്നത് .എന്നാല്‍ വനം കത്തിച്ചതാകാമെന്ന ചിന്തയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. ഭൂ മാഫിയകളോ, തടി മാഫിയകളോ ആയിരിക്കാം കാട്ടു തീയ്ക്ക് പിന്നിലെന്നാണ് ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് തീ പടര്‍ന്നതെന്നാണ് ഇവരുടെ നിലപാട്.


ആയിരക്കണക്കിന് മരങ്ങളാണ് കാട്ടുതീയില്‍ കരിഞ്ഞ് ഇല്ലാതായത്. സാധാരണ ഉണങ്ങിയ മരങ്ങള്‍ ലേലത്തില്‍ വില്‍ക്കാറാണ് പതിവ്.കാട്ടു തീ ഉണ്ടാക്കിയാല്‍ ആയിരക്കണക്കിന് മരങ്ങള്‍ തടി മാഫിയക്ക് ലഭിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുകയും അതുവഴി തടി മാഫിയകള്‍ക്ക് മരങ്ങള്‍ ചുളുവിലയ്ക്ക് ലഭിക്കുകയും ചെയ്തു. ഇതാണ് കാട്ടു തീയുണ്ടാക്കാനുള്ള കാരണമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.



 


ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലും തീ പടര്‍ന്നുപിടിച്ചിരുന്നു. പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളായ ബിജ്‌റാണി, കാലഗഡ്, സോനാനദി എന്നിവിടങ്ങളിലാണ് കാട്ടുതീ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നൈനിറ്റാള്‍, പിത്തോര്‍ഗഡ്, ചമോലി എന്നീ ജില്ലകളില്‍ കാട്ടുതീ കനത്ത നാശമാണ് വിതച്ചത്.നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോർസ്  (എൻ .ഡി ആർ  .എഫ് )135 പേരടങ്ങുന്ന സ്ക്വാഡിനെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.അതേ സമയം കാട്ടു തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന്  കേന്ദ്ര മന്ത്രി രാജ് നാഥ് സിംഗ് ലോക്സഭയിൽ തൃണമൂൽ കോണ്ഗ്രസ്സ് നേതാവ് സുഗതാ റോയ് ,ബി ജെ പി എം പി ജഗദാംബിക പാൽ എന്നിവർ ശൂന്യ വേളയിൽ ഉന്നയിച്ച ചോദ്യത്തിനുത്തരമായി പറഞ്ഞു .