Silkyara Tunnel Rescue: രക്ഷാപ്രവർത്തനം പൂർത്തിയായി; 41 പേരും പുതുജീവിതത്തിലേക്ക്- രക്ഷാപ്രവർത്തനത്തിന്റെ പൂർണരൂപം
Uttarakhand Tunnel Accident: അധികം വൈകാതെ എല്ലാവരെയും രക്ഷാപെടുത്താമെന്ന് വിചാരിച്ചിടത്തുനിന്നും രക്ഷാപ്രവർത്തനം ഓരോ ദിവസവും അതിസങ്കീർണമാവുകയായിരുന്നു. പ്രത്യേക കുഴൽ വഴി അതുവഴി സ്ട്രെച്ചറുകൾ കടത്തി അതുവഴിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്.
17 ദിവസം, 41 തൊഴിലാളികൾ..രാജ്യംകണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനം...രാപ്പകൽ വിശ്രമമില്ലാത്ത ജോലികൾക്കും പ്രാർഥനകൾക്കും ഒടുവിൽ ആ 41 പേരും പുതുജീവിത്തിലേക്ക്..നവംബർ 12നാണ് ഉത്തരകാശിയിലെ നിർമാണത്തിലിരുന്ന സിൽക്യാര ടണലിൽ മണ്ണിടിച്ചിലിനെത്തുടർന്ന് 41 തൊഴിലാളികൾ കുടുങ്ങിയത്.
60 മീറ്ററോളം ദൂരം മണ്ണടിഞ്ഞ് പുറത്തേക്കുള്ള വഴി പൂർണമായും അടഞ്ഞു. അധികം വൈകാതെ എല്ലാവരെയും രക്ഷാപെടുത്താമെന്ന് വിചാരിച്ചിടത്തുനിന്നും രക്ഷാപ്രവർത്തനം ഓരോ ദിവസവും അതിസങ്കീർണമാവുകയായിരുന്നു. പ്രത്യേക കുഴൽ വഴി അതുവഴി സ്ട്രെച്ചറുകൾ കടത്തി അതുവഴിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീം അംഗങ്ങളാണ് അന്തിമഘട്ടപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ഈ സംഘത്തിലെ നാല് പേർ ആദ്യം സ്ട്രെച്ചറുമായി കുഴലിന് അകത്തൂടെ തൊഴിലാളികൾക്ക് അരികിലെത്തി. പിന്നെ ഓരോരുത്തരെയായി സ്ട്രെച്ചറിൽ വലിച്ചുകയറ്റി. ഒരാൾക്ക് ഏകദേശം 2 മുതൽ മൂന്ന് മിനിട്ട് വരെ സമയം. അങ്ങനെ നാല് മണിക്കൂർ സമയം എടുത്താണ് മുഴുവൻ പേരെയും പുറത്തെത്തിച്ചത്.
ഈ 17 ദിവസവും തൊഴിലാളികളെ മെഡിക്കൽ സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഭക്ഷണത്തിനൊപ്പം ആവശ്യമായ മരുന്നും എത്തിച്ചുനൽകിയിരുന്നു. എങ്കിലും ടണലിനകത്ത് തന്നെ സജ്ജീകരിച്ച കിടക്കകളിൽ ആദ്യഘട്ട പരിശോധന. പിന്നെ ആംബുലൻസിൽ അടുത്തുള്ള കമ്യൂണിറ്റി സെന്ററിലേക്ക്. അവിടെ ദിവസങ്ങൾക്ക് മുമ്പേ 41 കിടക്കകൾ സജ്ജമാക്കിയിരുന്നു.
ആവശ്യമെങ്കിൽ എയർ ലിഫ്റ്റിനായി ഹെലികോപ്ടറും തുരങ്കമുഖത്ത് സജ്ജമായിരുന്നു. റിഷികേശിലേക്കും ഡൽഹിയിലെ എയിംസിലേക്കും ആവശ്യമെങ്കിൽ എത്തിക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇതിനായി ഗ്രീൻ കോറിഡോറും ഒരുക്കിയിരുന്നു. സുരക്ഷിതമായി 41 പേരെയും പുറത്തെത്തിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് രക്ഷാപ്രവർത്തകർ. ഒപ്പം 41 പേരുടെ കുടുംബങ്ങളും.
വിചാരിച്ചപോലെ ഒന്നും എളുപ്പമായിരുന്നില്ല കാര്യങ്ങൾ
അപ്രതീക്ഷിത പ്രതിസന്ധികൾ ഏറെയുണ്ടായി ഉത്തരകാശി രക്ഷാപ്രവർത്തനത്തിനിടെ. മണ്ണിന്റെ ഘടനയും കട്ടികൂടിയ സിമന്റ് പാളികളും മണ്ണിടിച്ചിൽ ഭീഷണിയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഒപ്പം ഓഗർ മെഷീന് ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളും 41 പേരെയും പുറത്തെത്തിക്കുന്നത് വൈകിച്ചു.
ALSO READ: നിങ്ങളുടെ ക്ഷമയും ധൈര്യവും എല്ലാവര്‍ക്കും പ്രചോദനം; പ്രധാനമന്ത്രി മോദി
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അന്താരാഷ്ട്ര സഹായത്തോടെ 17 രാത്രിയും 16 പകലും നീണ്ട ശ്രമങ്ങൾ. ജെസിബിയോ മറ്റ് വഴികളോ ഉപയോഗിച്ച് തുരങ്കത്തിനുള്ളിലെ സിമന്റ് അടക്കമുള്ള അവിശിഷ്ടങ്ങൾ നീക്കാൻ കഴിയുമായിരുന്നില്ല. സാങ്കേതിക തടസം ആദ്യ ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.
പൈപ്പുകൾ ഡ്രിൽ ചെയ്ത് കയറ്റി അതുവഴി തൊഴിലാളികളെ പുറത്തെത്താൻ ആണ് ശ്രമിച്ചത്. ഇതിനായി യുഎസ് നിർമിത ഓഗർ മെഷീൻ അടിയന്തരമായി സിൽക്യാരയിലേക്ക് എത്തിച്ചു. അവിശിഷ്ടങ്ങൾക്കിടയിലൂടെയുള്ള ഡ്രില്ലിങ് ഏറെ ദുഷ്കരമായിരുന്നു. മാത്രമല്ല, ഡ്രില്ലിങ് നടത്തുമ്പോൾ ഉണ്ടാകുന്ന മർദഫലമായി മണ്ണിടിച്ചിൽ സംഭവിക്കുമോ എന്നും ഭയപ്പെട്ടു.
ഡ്രിൽ ചെയ്ത് ഓരോ പൈപ്പ് വീതം അകത്തേക്ക് കയറ്റി വെൽഡ് ചെയ്യും. വെൽഡിങ് പ്രവർത്തിക്കാണ് ഏറെയും സമയം എടുത്തത്. ഒരു സമയം 50 പേർ വരെയാണ് ഈ ഒരൊറ്റ പ്രവർത്തിക്ക് വേണ്ടി മാത്രം പ്രവർത്തിച്ചത്. ഇതിനിടെ അഞ്ചാമത്തെ പൈപ്പ് കയറ്റുന്നതിനിടെ ശക്തമായ മർദത്തെത്തുടർന്ന് ഓഗർ മെഷീൻ സ്ഥാപിച്ചിരുന്ന പ്ലാറ്റ്ഫോം പൂർണമായും തകർന്നു.
ഇത് വീണ്ടും സിമന്റിട്ട് ഉറപ്പിക്കാൻ ഒരു ദിവസം പൂർണമായും രക്ഷാപ്രവർത്തനം നിർത്തിവച്ചു. ഡ്രില്ലിങ് പുനരാരംഭിച്ചപ്പോൾ കട്ടികൂടിയ അവശിഷ്ടങ്ങളിൽ തട്ടി ബ്ലേഡിന് തകരാർ സംഭവിച്ചു. പിന്നീട് മെഷീൻ കുഴലിനുള്ളിൽ കുടുങ്ങിയ സാഹചര്യവും ഉണ്ടായി. അതിപരിസ്ഥിതിലോല പ്രദേശമായതിനാൽ മണ്ണിടിച്ചിൽഭീഷണി നിലനിൽക്കുന്നത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയായി.
ഡ്രില്ലിങ് നടക്കുമ്പോൾ തുരങ്കത്തിനകത്ത് പൊടിപടലങ്ങൾ നിറയും. ഇതിനിടയിൽനിന്നാണ് രക്ഷാപ്രവർത്തകർ ജോലിചെയ്യുന്നത്. ഇടയ്ക്ക് പുറത്തുവന്ന് ശുദ്ധവായു ശ്വസിക്കുമ്പോൾ അടുത്ത ടീം അകത്തുകയറി പണി തുടരും. ഇതിനിടെ ഉത്തരാഖണ്ഡിലെ കാലാവസ്ഥയും മാറിത്തുടങ്ങിയിരുന്നു. രാത്രി തണുപ്പ് കൂടി. ഇതെല്ലാം അവഗണിച്ചാണ് രക്ഷാപ്രവർത്തനം സാധ്യമായത്.
പ്ലാൻ എ,ബി,സി അങ്ങനെ ആറ് വഴികൾ
ആറ് മാർഗങ്ങളാണ് ഉത്തരകാശിയിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചത്. ഏതുവിധേയനും തൊഴിലാളികളെ സുരക്ഷിതരായി പുറത്തെത്തിക്കണം എന്നത് മാത്രമായിരുന്നു ലക്ഷ്യം. തുരങ്കമുഖത്തിലൂടെ പൈപ്പുകൾ കയറ്റിവിട്ട് അതുവഴി രക്ഷപെടുത്താനുള്ള പ്ലാൻ എ തന്നെയാണ് ഒടുവിൽ വിജയം കണ്ടത്.
തുരങ്കമുഖത്ത് കൂടി തന്നെ പൈപ്പ് കയറ്റി അതിലൂടെ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള പ്ലാൻ എയിൽ തന്നെയായിരുന്നു മുഖ്യ ഊന്നൽ. എന്നാൽ ഇതിൽ അപ്രതീക്ഷിത തടസങ്ങൾ നേരിട്ടതോടെ മറ്റ് മാർഗങ്ങളും തേടി. തുരങ്കത്തിന് മുകൾ ഭാഗത്തുനിന്ന് ഒരു കിണർ പോലെ കുഴിച്ച് തൊഴിലാളികളുടെ അടുത്തേക്ക് എത്തുന്നതായിരുന്നു പ്ലാൻ ബി.
മുകൾഭാഗത്തേക്കുള്ള റോഡുകളും ഡ്രില്ലിങിന് വേണ്ടിയുള്ള പ്ലാറ്റ്ഫോമും നേരത്തെ തന്നെ ഒരുക്കിയിരുന്നു. 86 മീറ്റർ, അതായത് 282 അടി കുഴിച്ചെങ്കിൽ മാത്രമേ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് അടുത്തേക്ക് എത്താനാകൂ. ഇത് നിലവിൽ തുരങ്കമുഖത്ത് നിന്നുളള ദൂരത്തിന്റെ ഇരട്ടിയാണ്. 46.6 മീറ്റർ ദൂരമാണ് തുരങ്കത്തിന് മുൻഭാഗത്ത് നിന്നുള്ളത്.
വെർട്ടിക്കൽ ഡ്രില്ലിങ് വഴി ബക്കറ്റ് പോലെയുള്ള രക്ഷാമാർഗം ഇറക്കി അതുവഴി തൊഴിലാളികളെ ലിഫ്റ്റ് ചെയ്യാനായിരുന്നു പ്ലാൻ ബി. പ്ലാൻ സിയിൽ വരുന്നതാണ് 180 മീറ്റർ ലംബമായി മറ്റൊരു വഴി കൂടി തുരക്കുന്നത്. മറ്റൊരു വഴി തുരങ്കത്തിന്റെ മറുഭാഗം വഴി തുരന്നു കയറുന്നതാണ്. ബർക്കോട്ട് ഭാഗത്ത് നിന്ന് ഇതും ആരംഭിച്ചിരുന്നു.
ഡ്രിഫ്റ്റ് ടെക്നോളജിയാണ് മറ്റൊരു വഴി. തുരങ്കത്തിന്റെ വശങ്ങൾ കുറച്ചുകൂടി വിശാലമാക്കുന്ന അതിസങ്കീർണമായ പ്രവർത്തിയാണിത്. സൈനികരെ ഉപയോഗിച്ചുവേണം ഇത് നടത്താൻ. ആദ്യംമുതൽ തന്നെ പ്ലാൻ എ യിലാണ് രക്ഷാപ്രവർത്തകർ ശ്രദ്ധ ചെലുത്തിയിരുന്നത്. ഇത് ദുഷ്കരമാകും എന്ന ഘട്ടത്തിൽ മാത്രമാണ് മറ്റ് വഴികളിൽ ശ്രദ്ധിച്ചത്. ഇത് വിമർശനത്തിന് ഇടയാക്കിയിരുന്നു. എങ്കിലും ഒടുവിൽ പ്ലാൻ എ തന്നെ വിജയം കണ്ടു.
നാൾ വഴികൾ
നവംബർ 12, വെളുപ്പിന് 5.30ന് ദീപാവലി ദിവസത്തിലാണ് നിർമാണത്തിലിരുന്ന ഉത്തരകാശി സിൽക്യാര ടണലിൽ മണ്ണിടിച്ചിൽ ഉണ്ടായി 41 തൊഴിലാളികൾ അകപ്പെടുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുന്നു. തുരങ്കത്തിന് അകത്തേക്ക് ഓക്സിജനും, വൈദ്യുതി, ചെറിയ ഭക്ഷ്യധാന്യങ്ങളും ഉറപ്പാക്കുന്നു. ചെറിയ കുഴൽ വഴിയാണ് ഇതെല്ലാം അകത്ത് എത്തിച്ചത്. NDRF,SDRF, ബോർഡർ റോഡ്‌സ് ഓഗനൈസേഷൻ അടക്കമുള്ള ഏജൻസികളും സ്ഥലത്തെത്തുന്നു.
നവംബർ 13, രണ്ടാം ദിവസം
തുരങ്കത്തിന് അകത്തേക്കുള്ള ചെറിയ പൈപ്പ് വഴി തൊഴിലാളികളോട് സംസാരിക്കാൻ ശ്രമിക്കുന്നു. അവർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുന്നു. മുഖ്യമന്ത്രി പുഷ്പർ സിങ് ധാമി സ്ഥലത്തെത്തി. ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾ നീക്കാൻ കഴിയുന്നില്ല. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്നു. ആദ്യം 30 മീറ്റർ ദൂരമാണ് തടസപ്പെട്ടത്, അത് 60 മീറ്റർ ദൂരംകൂടിയായി. ടണലിനുള്ളിൽ ഉറപ്പില്ലാത്ത മണ്ണാണ്. അത് വീണ്ടും പ്രശ്നമായേക്കും. അതിനാൽ ആദ്യം തന്നെ ചെറിയ രീതിയിൽ കോൺക്രീറ്റ് ചെയ്തു. പിന്നീട് വ്യാസം കൂടിയ പൈപ്പ് അകത്തേക്ക് കയറ്റാൻ ആരംഭിച്ചു
നവംബർ 14, മൂന്നാം ദിവസം
800 മില്ലിമീറ്ററും 900 മില്ലിമീറ്ററും വ്യാസമുള്ള കുഴൽ ഓഗർ മെഷീനിന്റെ സഹായത്തോടെ സ്ഥാപിക്കാൻ തുടങ്ങി. ഭക്ഷണം എത്തിക്കുന്നത് തുടർന്നു. തൊഴിലാളികളിൽ ചിലർക്ക് തലവേദനയും ക്ഷീണവും തുടങ്ങി.
നവംബർ 15, നാലാം ദിവസം
ഡ്രില്ലിങ് ഉദ്ദേശിച്ച രീതിയിൽ മുന്നോട്ട് പോകുന്നില്ല. മെഷീനിറെ പ്രവർത്തനത്തിൽ രക്ഷാപ്രവർത്തകർ അതൃപ്തി രേഖപ്പെടുത്തി. യുഎസ് നിർമിത ഓഗർ മെഷീൻ ഡൽഹിയിൽ നിന്നും എയർ ലിഫ്റ്റ് ചെയ്ത് എത്തിക്കുന്നു
നവംബർ 16, അഞ്ചാം ദിവസം
യുഎസ് നിർമിത ഓഗർ മെഷീൻ തുരങ്കത്തിൽ സ്ഥാപിച്ച് ഡ്രില്ലിങ് ആരംഭിക്കുന്നു
നവംബർ 17, ആറാം ദിവസം
24 മീറ്റർ ദൂരം തുരന്നു. അഞ്ചാമത്തെ പൈപ്പ് കയറ്റുന്ന സമയം. ഓഗർ മെഷീന് സാങ്കേതിക തകരാർ. ഒപ്പം തുരങ്കത്തിനുള്ളിൽനിന്ന് വലിയൊരു ശബ്ദവും കേട്ടു. ഇതോടെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി.
നവംബർ 18, ഏഴാം ദിവസം
ഓഗർ മെഷീൻ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ശക്തമായ മർദത്താൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ആശങ്ക. ഡ്രില്ലിങ് താൽക്കാലികമായി നിർത്തി മറ്റ് മാർഗങ്ങളും തേടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് കാര്യങ്ങൾ നിരീക്ഷിക്കുന്നു
നവംബർ 19, എട്ടാം ദിവസം
തുരങ്കത്തിന്റെ മുകൾ ഭാഗം വഴി തുരന്നിറങ്ങാനുള്ള മാർഗങ്ങൾ തേടുന്നു
നവംബർ 20 , ഒൻപതാം ദിവസം
ആറ് ഇഞ്ച് വലിപ്പമുള്ള മറ്റൊരു കുഴൽ സ്ഥാപിക്കുന്നതിൽ വിജയം. ഇത് രക്ഷാപ്രവർത്തനത്തിലെ നിർണായക ഘട്ടമായി. ഇതുവഴി കൂടിയ അളവിൽ ഓക്സിജനും ഭക്ഷണവും എത്തിച്ചു. നിലവിൽ ഉണ്ടായിരുന്ന നാല് ഇഞ്ച് വ്യാസമുള്ള പൈപ്പ് വഴി ഡ്രൈ ഫ്രൂട്ട്സും മരുന്നുകളും എത്തിക്കുന്നത് തുടർന്നു. കുഴലിലൂടെ ഡ്രോൺ കയറ്റിവിട്ട് പരിശോധന. തുരങ്കത്തിന്റെ മറുവശത്തുനിന്നുള്ള ഡ്രില്ലിങും ആരംഭിക്കുന്നു. അന്താരാഷ്ട്ര ടണലിങ് വിദഗ്ധൻ അർനോൾഡ് ഡിക്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന്റെ ചുമതല ഏറ്റെടുക്കുന്നു.
നവംബർ 21, പത്താം ദിവസം
കുഴൽ വഴി അകത്തുകയറ്റിയ ക്യാമറയിലൂടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. അവരുമായി ആശയവിനിമയം സാധ്യമാകുന്നു. വോക്കിടോക്കിയും എത്തിച്ചുനൽകി
നവംബർ 22, പതിനൊന്നാം ദിവസം
ആംബലൻസുകൾ സജ്ജമാക്കുന്നു. തുരങ്കത്തിന് പുറത്ത് താൽക്കാലിക ആശുപത്രിയും തയ്യാർ. 44 മീറ്റർ ദൂരം പൈപ്പ് കയറ്റുന്നു. റൊട്ടി, കിച്ചടി, ഓറഞ്ച് പോലും ഭക്ഷണം നൽകിത്തുടങ്ങി.
നവംബർ 23, പന്ത്രണ്ടാം ദിവസം
ഓഗർ മെഷീൻ സ്ഥാപിച്ച പ്ലാറ്റ് ഫോം തകർന്നുവീണു. പുതിയത് നിർമിക്കും വരെ ഡ്രില്ലിങ് നിർത്തിവച്ചു.
നവംബർ 24, പതിമൂന്നാം ദിവസം
ഓഗർ മെഷീൻ കട്ടികൂടിയ അവശിഷ്ടങ്ങളിൽ തട്ടി വീണ്ടും തടസം. ബ്ലേഡിന് തകരാർ സംഭവിക്കുന്നു
നവംബർ 25, പതിനാലാം ദിവസം
തൊഴിലാളികളുടെ മാനസികാരോഗ്യം പരിശോധിക്കുന്നു. മൊബൈൽ ഫോൺ നൽകുന്നു. കളിക്കാൻ ഒരു കെട്ട് ചീട്ടും ഇട്ടുകൊടുക്കുന്നു. മറ്റ് മാർഗങ്ങളിലൂടെയും രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നു
നവംബർ 26, പതിനഞ്ചാം ദിവസം
തുരങ്കത്തിന് മുകൾ ഭാഗം കുഴിക്കുന്നത് ഊർജിതമാക്കുന്നു. ആദ്യ ദിവസം 20 മീറ്റർ ആഴത്തിൽ തുരന്നു.
നവംബർ 27, പതിനാറാം ദിവസം
ഡ്രില്ലിങ് അന്തിമഘട്ടത്തിലേക്ക്. തൊഴിലാളികൾക്ക് അടുത്തേക്ക് ഏതാനും ദൂരം മാത്രം. മെഷീൻ പ്രവർത്തനം നിർത്തി തൊഴിലാളികൾ നേരിട്ട് തടസങ്ങൾ നീക്കുന്നു.
നവംബർ 18, പതിനേഴാം ദിവസം
വൈകിട്ട് ഏഴ് മണിയോടെ രക്ഷാപ്രവർത്തനം പൂർത്തിയാകുന്നു. എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീം അംഗങ്ങൾ കുഴലിന് അകത്ത് കൂടെ കയറുന്നു. സ്ട്രച്ചറുകളിൽ കയറ്റി എല്ലാവരെയും പുറത്തേക്ക് എത്തിക്കുന്നു. 41 പേരും അങ്ങനെ പുറത്തേക്ക്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.