Uttarakhand weather: ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ മണ്ണിടിച്ചിലും മിന്നൽ പ്രളയവും; 52 മരണം, 19 പേരെ കാണാതായി
Uttarakhand Rains: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കേദാർനാഥ് റൂട്ടിലുണ്ടായ മണ്ണിടിച്ചിലിൽ കാർ യാത്രക്കാരായ അഞ്ച് തീർഥാടകർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഉത്തരാഖണ്ഡിലെ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 52 മരണം. മഴക്കെടുതിയിൽ 37 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കേദാർനാഥ് റൂട്ടിലുണ്ടായ മണ്ണിടിച്ചിലിൽ കാർ യാത്രക്കാരായ അഞ്ച് തീർഥാടകർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഉത്തരാഖണ്ഡിലെ മഴക്കെടുതിയിൽ, സംസ്ഥാനത്തിന് ഇതുവരെ ഏകദേശം 650 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇത് വരും ദിവസങ്ങളിൽ വർധിച്ചേക്കാമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ കണക്കനുസരിച്ച്, മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ 52 പേർ മരിക്കുകയും 37 പേർക്ക് പരിക്കേൽക്കുകയും 19 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ALSO READ: Uttarakhand rains: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു; ജാഗ്രതാ നിർദേശം
ദുരന്തബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എസ്ഡിആർഎഫ്, എൻഡിആർഎഫ് എന്നിവരെ വിന്യസിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ട് ഹെലികോപ്റ്ററുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ചൗക്കി ഫാറ്റയ്ക്ക് കീഴിലുള്ള തർസാലിയിൽ മണ്ണിടിച്ചിലിൽ കാർ മണ്ണിനടിയിൽപ്പെട്ട് അഞ്ച് തീർഥാടകർ മരിച്ചതായി ശനിയാഴ്ച പോലീസ് പറഞ്ഞു.
ഗുജറാത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. കേദാർനാഥിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ച വൈകുന്നേരമാണ് മണ്ണിച്ചിലുണ്ടായി ഇവർ അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച കേദാർനാഥ് ധാമിലേക്കുള്ള ഗുപ്ത്കാശി-ഗൗരികുണ്ഡ് ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. രുദ്രപ്രയാഗ് ഉൾപ്പെടെ സംസ്ഥാനത്തെ പല ജില്ലകളിലും കഴിഞ്ഞ രണ്ട് ദിവസമായി നിർത്താതെ പെയ്ത മഴയിൽ റോഡിന്റെ 60 മീറ്ററോളം തകരുകയും മണ്ണിടിച്ചിലിൽ ഒലിച്ചുപോവുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...