Chennai: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ്   വി. കെ ശശികലയുടെ  (V K Sasikala) 2000 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ് ( IT department).


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമസഭ തിരഞ്ഞെടുപ്പിന് വെറും  മാസങ്ങള്‍ മാത്രം ശേഷിക്കേ ശശികല ജയില്‍ മോചിതയാവുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സഹായിയായ ശശികലയാണ് പാര്‍ട്ടിയുടെ ചുക്കാന്‍ പിടിയ്ക്കുന്നത്. 


എന്നാല്‍,  പാര്‍ട്ടി ഔദ്യോഗികമായി  ഇ പളനിസാമി (E Palaniswami) യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ്  ശശികലയെ കുരുക്കി  ആദായനികുതി വകുപ്പിന്‍റെ നടപടി.  2017ലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലെ കോടനാട്, സിരുതാവൂര്‍ മേഖലകളിലുള്ള സ്വത്തുക്കളാണ് മരവിപ്പിച്ചതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.


സംസ്ഥാനത്തെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ (AIADMK)യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിലവിലെ മുഖ്യമന്ത്രിയായ ഇ. പളനിസാമിയെ പ്രഖ്യാപിച്ച ദിവസം തന്നെയാണ് ആദായനികുതി വകുപ്പിന്‍റെ നടപടി. 


എന്നാല്‍, ഇതിന് പിന്നില്‍  പളനി സാമിയാണ് എന്ന് ഒരുപക്ഷം ആരോപിക്കുന്നുണ്ട്. ശശികലയും   പളനി സാമിയും  തമ്മില്‍ പ്രകടമായി തന്നെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പളനിസാമിയും അനുയായികളും ശശികലയെ ഇനി പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ അനുവദിക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്.


അടുത്ത വര്‍ഷമാണ് തമിഴ് നാട്ടില്‍ നിയമ സഭ തിരഞ്ഞെടുപ്പ് നടക്കുക. അഴിമതിക്കാരെ  അധികാരത്തില്‍നിന്നും അകറ്റാന്‍  എ.ഐ.എ.ഡി.എം.കെ ശ്രമിക്കുന്നുണ്ട്.  ശശികല പാര്‍ട്ടിയില്‍ തിരികെ യെത്തുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന്  പാര്‍ട്ടി ഭയക്കുന്നു എന്നത് വ്യക്തമാണ്‌. അതിനാലാവാം  ശശികല  നടത്തുന്ന നീക്കങ്ങള്‍ക്ക്‌ തടയിടാന്‍ പാര്‍ട്ടിയില്‍ തന്നെ ശ്രമങ്ങള്‍ നടക്കുന്നത്.


Also read: അനധികൃത സ്വത്ത് സമ്പാദനകേസ്: ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി; 4 വര്‍ഷം തടവും 10 കോടി രൂപ പിഴയും അടയ്ക്കണം


വരാനിരിക്കുന്ന  തമിഴ് നാട്  നിയമസഭാ തരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പളനിസാമിയെ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ കോഡിനേറ്ററുമായ ഒ. പനീര്‍സെല്‍വമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. 11 അംഗ സ്റ്റിയറി൦ഗ്  കമ്മിറ്റിയേയും പ്രഖ്യാപിച്ചിട്ടുണ്ട്.