Kabul Evacuation: ഇന്ത്യയിലേക്ക് മടങ്ങണമെന്ന് അറിയിച്ച ഭൂരിഭാഗം പേരെയും തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം
അഫ്ഗാനിലെ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിൽ (Afghanistan) നിന്ന് ഇന്ത്യയിലേക്ക് മടങ്ങണമെന്ന് അറിയിച്ച ഭൂരിഭാഗം പേരെയും തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. ഒഴിപ്പിക്കാന്‍ ബാക്കിയുള്ള ഇന്ത്യാക്കാരുടെ എണ്ണം കൃത്യമായി അറിയില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം (Ministry of external affairs) വ്യക്തമാക്കി.
അഫ്ഗാനില്‍ ഇനി എത്ര ഇന്ത്യക്കാർ ഉണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകളില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അഫ്ഗാനിലെ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചവരിൽ ഭൂരിഭാഗം പേരെയും തിരിച്ചെത്തിച്ചു.
അഫ്ഗാനില്‍ നിന്ന് 550 പേരെ ഇന്ത്യയിലെത്തിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍. ഇതില്‍ 260 പേര്‍ ഇന്ത്യന്‍ പൗരന്മാരും (Indian Citizens) ബാക്കിയുള്ളവര്‍ അഫ്ഗാനികളും മറ്റ് രാജ്യക്കാരുമാണ്. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഭയാര്‍ഥികള്‍ക്കായി ആറ് മാസത്തെ എമര്‍ജന്‍സി വിസ അനുവദിക്കും. അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി യുഎസ്, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഏറ്റവും ഒടുവില്‍ അഫ്ഗാനില്‍ നിന്നെത്തിയ വിമാനത്തില്‍ 40 പേരാണുണ്ടായിരുന്നത്. വിമാനത്താവളത്തിലെത്താന്‍ അഫ്ഗാനികള്‍ക്ക് വിവിധതരം പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാനെ അംഗീകരിക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം ആവർത്തിക്കുന്നത്. താലിബാനെ അംഗീകരിക്കുന്ന കാര്യത്തിൽ ധൃതിയില്ലെന്ന് പറഞ്ഞ മന്ത്രാലയ വക്താവ് കാര്യങ്ങൾ വ്യക്തമാവട്ടെ എന്നാണ് പ്രതികരിച്ചത്. ഐഎസിൽ (ISIS) ചേരാൻ പോയ മലയാളി വനിതകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...