അഴിമതി ആരോപണങ്ങള്‍ തടയാന്‍ പുതിയ നിയമമുണ്ടാക്കാനൊരുങ്ങി രാജസ്ഥാന്
നിയമസഭാംഗങ്ങളെയും മന്ത്രിമാരെയും കേസുകളിൽനിന്നു രക്ഷിക്കുന്നതിനുള്ള പുതിയ നിയമം നിർമ്മിക്കാനൊരുങ്ങി രാജസ്ഥാനിലെ ബിജെപി സർക്കാർ. നിയമസഭാംഗങ്ങൾ, മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെ സർക്കാരിന്റെ അനുമതി കൂടാതെ കേസുകളിൽ ഉൾപ്പെടുത്തുന്നതിനെ തടയുന്നതാണ് വസുന്ധര രാജെ സർക്കാർ വിഭാവനം ചെയ്യുന്ന പുതിയ നിയമം.
ജയ്പൂർ: നിയമസഭാംഗങ്ങളെയും മന്ത്രിമാരെയും കേസുകളിൽനിന്നു രക്ഷിക്കുന്നതിനുള്ള പുതിയ നിയമം നിർമ്മിക്കാനൊരുങ്ങി രാജസ്ഥാനിലെ ബിജെപി സർക്കാർ. നിയമസഭാംഗങ്ങൾ, മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെ സർക്കാരിന്റെ അനുമതി കൂടാതെ കേസുകളിൽ ഉൾപ്പെടുത്തുന്നതിനെ തടയുന്നതാണ് വസുന്ധര രാജെ സർക്കാർ വിഭാവനം ചെയ്യുന്ന പുതിയ നിയമം.
മേൽപ്പറഞ്ഞ ഗണത്തിൽ ഉൾപ്പെടുന്നവർക്കെതിരേ അന്വേഷണം പ്രഖ്യാപിക്കാതെ, മാധ്യമങ്ങൾ കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്നവരുടെ പേര് പ്രസിദ്ധപ്പെടുത്തുന്നതു കുറ്റമാണെന്നു പുതിയ നിയമത്തിലുണ്ട്. ഇത് സംബന്ധിച്ച് രാജസ്ഥാൻ സർക്കാർ കഴിഞ്ഞ മാസം ഏഴിനു ക്രിമിനൽ നടപടിച്ചട്ടങ്ങളിൽ മാറ്റം വരുത്തി. സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഈ നിയമനടപടികൾ ബാധകമാകുന്നത്. മുന്‍പ് സർക്കാർ ജീവനക്കാരായിരുന്നവരെയും ഈ നിയമം തുണയ്ക്കും. തിങ്കളാഴ്ച നിയമം നിയമസഭയിൽ അവതരിപ്പിക്കുമെന്നാണു സൂചന. 200 സീറ്റുകളിൽ 162 സീറ്റുകളും ബിജെപിക്ക് അനുകൂലമാണ്. ഇതിനാൽ എതിർപ്പുകളുണ്ടായാലും നിയമം പാസാക്കാൻ കഴിയും. നിയമത്തിന്റെ പരിധിയിൽ വരുന്നവർക്കെതിരായ പരാതിയിൽ പോലീസ് നടപടിയെടുത്തില്ലെങ്കിൽ സ്വകാര്യ വ്യക്തിക്കു കോടതിയെ സമീപിക്കാൻ കഴിയുമെന്ന് നിയമത്തിലുണ്ട്. ആറു മാസത്തിനുള്ളിൽ സർക്കാർ മറുപടി നൽകിയില്ലെങ്കിൽ കേസ് അന്വേഷണത്തിൽ കോടതിക്ക് അനുമതി നൽകാമെന്നാണ് പുതിയ നിയമത്തിൽ വ്യവസ്ഥയുള്ളത്.