ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സസ്യാഹാരദിനമായി ആചരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. 150 മത് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയിലാണ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒക്ടോബര്‍ രണ്ടിന് സസ്യാഹാരം ഒഴിവാക്കി റെയില്‍വേയെ ശുദ്ധ വെജിറ്റേറിയനാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2018, 2019, 2020 വര്‍ഷങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ റെയില്‍വേയുടെ ക്യാന്‍റീനുകളിലും ട്രെയിനുകളിലും മാംസാഹാരം വിതരണം ചെയ്യില്ലെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം. ഇത് സംബന്ധിച്ച് എല്ലാ ഡിവിഷനുകള്‍ക്കും കഴിഞ്ഞ മാസം സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ജീവനക്കാരുള്‍പ്പടെയുള്ളര്‍ ഈ ദിവസം നോണ്‍വെജ് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ട്രെയിനിലോ സ്റ്റേഷന്‍റെ പരിസരങ്ങളിലോ മാംസാഹാരം വില്‍പ്പന നടത്തരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചാല്‍ കര്‍ശനമായി ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിന് പുറമെ, ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദണ്ഡി യാത്ര അനുസ്മരണം ഉള്‍പ്പെടെ നിരവധി പരിപാടികളാണ് റെയില്‍വേ ആസൂത്രണം ചെയ്യുന്നത്. 


ഗാന്ധി ജയന്തിയോടനുബന്ധിച്ച് സബര്‍മതിയില്‍ നിന്നും സ്വച്ചതാ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും. ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത ടിക്കറ്റ്. ശുചിത്വ സന്ദേശവുമായി ട്രെയിന്‍ സര്‍വീസ്, റെയില്‍വേയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളില്‍ ഗാന്ധിയുടെ ചിത്രം, മ്യൂറല്‍ പെയിന്റിങ് തുടങ്ങി മറ്റ് പദ്ധതികളും സാംസ്‌കാരിക വകുപ്പിന്‍റെ അനുമതിക്കായി അയച്ചിട്ടുണ്ട്.