1971 War | ഇന്ത്യയുടെ ചരിത്ര വിജയത്തിന് അരനൂറ്റാണ്ട്, ധീര സൈനികരെ അനുസ്മരിച്ച് രാജ്യം
1971 ഡിസംബർ മൂന്ന് മുതൽ 16വരെ നീണ്ടുനിന്ന ഈ യുദ്ധമാണ് ബംഗ്ലാദേശ് എന്ന രാജ്യത്തിൻ്റെ പിറവിക്ക് കാരണമായത്.
1971 ഡിസംബർ 16, ഇന്ത്യയുടെ കരുത്തിന് മുന്നിൽ പാകിസ്ഥാൻ അടിയറവ് പറഞ്ഞ ദിവസം. ബംഗ്ലാദേശിനെ മോചിപ്പിച്ച ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധവിജയത്തിന് ഇന്ന് അരനൂറ്റാണ്ട്. ഇന്ത്യ നേടിയ ഐതിഹാസിക വിജയദിനം ഇന്ന് രാജ്യം വിരോചിതമായി ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം സമർപ്പിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം ഭയപ്പാടോടെ നോക്കിക്കണ്ട യുദ്ധം കൂടിയായിരുന്നു 1971ലെ ഇന്ത്യ - പാകിസ്ഥാൻ യുദ്ധം. 1971 ഡിസംബർ മൂന്ന് മുതൽ 16വരെ നീണ്ടുനിന്ന ഈ യുദ്ധമാണ് ബംഗ്ലാദേശ് എന്ന രാജ്യത്തിൻ്റെ പിറവിക്ക് കാരണമായത്. 1971 ലെ യുദ്ധവിജയത്തിന്റെ അൻപതാം വാർഷിക ആഘോഷത്തിലാണ് രാജ്യം.
ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ നടക്കുന്ന പരിപാടിയിൽ യുദ്ധവിജയത്തിന്റെ സ്മരണാർത്ഥം സ്റ്റാംപും നാണയവും പ്രകാശനം ചെയ്തു. സ്മരണികയും പുറത്തിറക്കും. ആഘോഷങ്ങളുടെ ഭാഗമായി സുഖോയ് യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസവും നടക്കും.
നമ്മൾ യുദ്ധം വിജയിച്ചു എന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനം. സൈനിക മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ ഇന്ത്യ നേടിയ അതുല്യനേട്ടമായിരുന്നു ആ വിജയം. പാക് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ജീവത്യാഗം വരിച്ച ഇന്ത്യൻ സൈനികരെ ഓർക്കാനുള്ള ദിവസം കൂടിയാണ് ഡിസംബർ 16 എന്ന 'വിജയ് ദിവസ്'. ഇന്ത്യയിലുടനീളം വിജയ് ദിവസിന്റെ വാർഷികം ആചരിക്കുന്നുണ്ട്. ഇന്ത്യക്കൊപ്പം ബംഗ്ലാദേശും ഇതേ ദിവസം 'വിജയ് ദിവസ്' ആയി ആഘോഷിക്കുന്നുണ്ട്.
ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍റെ തെരഞ്ഞെടുപ്പ് അംഗീകരിക്കാതെ പാക് പട്ടാള നേതൃത്വം കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ട ബംഗ്ലാദേശിൽ നടപ്പാക്കിയ കൊടും ക്രൂരതകളാണ് പിന്നീട് ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധമായി മാറിയത്. ഷെയ്ഖ് മുജീബുര്‍ റഹ്മാനെ പാക് പട്ടാളം തടവിലാക്കി. കിഴക്കൻ പാക്കിസ്ഥാൻ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
പതിനായിരക്കണക്കിന് സ്ത്രീകളെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ലക്ഷക്കണക്കിന് പേർ അന്ന് ജീവന് വേണ്ടി ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇന്ത്യയുടെ തിരിച്ചടി മുന്നിൽ കണ്ട പാക്കിസ്ഥാൻ 1971 ഡിസംബര്‍ മൂന്നിന് ശ്രീനഗര്‍, പത്താൻകോട്ട്, ആഗ്ര ഉൾപ്പടെയുള്ള ഇന്ത്യയുടെ 11 വ്യോമതാവളങ്ങളിൽ ബോംബിട്ടു. രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ഇന്ദിരാഗാന്ദി യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. 1971ലെ ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിനിടെ 90 ലക്ഷത്തോളം അഭയാര്‍ത്ഥികൾ ഇന്ത്യയിലെത്തിയെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...