ന്യൂഡല്‍ഹി:  സമാധാന ചര്‍ച്ചകള്‍ക്കിടെ ഇന്ത്യ  ചൈന  അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തെത്തുടര്‍ന്ന്  ഡല്‍ഹിയില്‍ ഉന്നതതല യോഗം നടക്കുകയാണ്.   കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ CDS ബിപിന്‍ റാവത് , സൈനിക മേധാവികള്‍,   പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.  


അതിര്‍ത്തിയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിടെ ഗാല്‍വന്‍ വാനിയില്‍  ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍  ഒരു ഇന്ത്യന്‍ കമാന്‍ഡി൦ഗ്  ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.  ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 1975നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്.
അതേസമയം, സംഘര്‍ഷം നടന്ന മേഖലയില്‍ രണ്ടു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.


സമാധാനപരമായി ഇന്ത്യ-ചൈന പ്രശ്നം തീര്‍ക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായിരിക്കുന്നത്. സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ തുടരും എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 


അതിര്‍ത്തിയില്‍ ഏപ്രില്‍ മുതല്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിനു ബ്രിഗേഡിയര്‍, കേണല്‍ തലത്തില്‍ തിങ്കളാഴ്ചയും ചര്‍ച്ച നടന്നെങ്കിലും പിന്‍മാറ്റം സംബന്ധിച്ച്‌ ധാരണയായിരുന്നില്ല. യഥാര്‍ഥ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്‌സിലെ പിപി 15,17, പാംഗോങ് തടാകത്തോട് ചേര്‍ന്നുള്ള നാലാം മലനിര (ഫിംഗര്‍ 4) എന്നിവിടങ്ങളിലാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്.


ഇതില്‍ ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള പിന്മാറ്റമാം ചര്‍ച്ചയായിരുന്നു. ഇരുപ്രദേശങ്ങളില്‍ നിന്നും പൂര്‍ണ പിന്‍മാറ്റം വൈകാതെയുണ്ടാകുമെന്നു സേനാ വൃത്തങ്ങള്‍ സൂചിപ്പിച്ചതിന് പിന്നാലെയാണ് ചൈന വെടിവെയ്പ്പ് നടത്തിയത്.