Viral: വരന്‍റെ വേഷത്തില്‍ കുതിരപ്പുറത്ത് കയറി 50 യുവാക്കള്‍ കളക്ടറേറ്റിലേയ്ക്ക്, ആവശ്യം ഇതാണ്...!!
Viral News: വധുവിനെ വേണം, വിവാഹം കഴിയ്ക്കണം എന്ന ആവശ്യവുമായാണ് വരന്‍റെ വേഷത്തില്‍ ഇവര്‍ കളക്ടറെ സമീപിച്ചത്. എല്ലാ വരന്മാരും ഷെർവാണിയോ കുർത്ത-പൈജാമയോ ധരിച്ചിരുന്നു, കഴുത്തിൽ പ്ലക്കാർഡുകളും തൂക്കിയിരുന്നു
Maharashtra: മഹാരാഷ്ട്രയിലെ സോലാപൂരിൽ യുവാക്കളും മധ്യ വയസ്ക്കരും അടങ്ങുന്ന 50 ഓളം പേര്‍ കഴിഞ്ഞ ദിവസം വരന്‍റെ വേഷത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ, ഘോഷയാത്രയായി കുതിരപ്പുറത്ത് കയറി കളക്ടറേറ്റിലെത്തി, ഇവരുടെ ആവശ്യം കേട്ട് കളക്ടര്‍ പോലും അമ്പരന്നുപോയി....
വധുവിനെ വേണം, വിവാഹം കഴിയ്ക്കണം എന്ന ആവശ്യവുമായാണ് ഇവര്‍ കളക്ടറെ സമീപിച്ചത്.
എല്ലാ വരന്മാരും ഷെർവാണിയോ കുർത്ത-പൈജാമയോ ധരിച്ചിരുന്നു, കഴുത്തിൽ പ്ലക്കാർഡുകളും തൂക്കിയിരുന്നു. “ഭാര്യയെ വേണം", "എനിക്ക് കല്യാണം കഴിക്കാൻ ആർക്കും പെണ്ണിനെ തരാം", "സർക്കാർ, ഞങ്ങളോട് സംസാരിക്കൂ, ഞങ്ങളുടെ ദുരവസ്ഥ നിങ്ങൾ ശ്രദ്ധിക്കണം", തുടങ്ങിയ ആവശ്യങ്ങളാണ് പ്ലക്കാർഡുകളില്‍ എഴുതിയിരുന്നത്. അതിനിടെ വിക്കി സാഡിഗൽ എന്ന 12 വയസ്സുകാരൻ തന്‍റെ പ്ലക്കാർഡിൽ എഴുതിയത് , "ഞാൻ വിവാഹം കഴിക്കുമോ ഇല്ലയോ?" എന്നായിരുന്നു...!!
ബുധനാഴ്ചത്തെ ഘോഷയാത്രയില്‍ പങ്കെടുത്ത നിരാശരായ അവിവാഹിതര്‍ എല്ലാവരും തന്നെ 25നും 50നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരുന്നു. അവരെല്ലാം തന്നെ നല്ല വിദ്യാഭ്യാസമുള്ള ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു.
എൻജിഒ ജ്യോതി ക്രാന്തി പരിഷത്ത് (ജെകെപി) ആണ് ഇത്തരത്തില്‍ ഒരു മാര്‍ച്ച് സംഘടിപ്പിച്ചത്. സോലാപൂരിലെയും മറ്റ് ജില്ലകളിലെയും ഗ്രാമപ്രദേശങ്ങളില്‍ ഉയര്‍ന്നു വരുന്ന വലിയ പ്രശ്നം ഉയർത്തിക്കാട്ടുകയായിരുന്നു എൻജിഒ ലക്ഷ്യമിട്ടത്. അതായത്, സോലാപൂരിലെയും മറ്റ് ജില്ലകളിലെയും ഗ്രാമപ്രദേശങ്ങളില്‍ വിവാഹ പ്രായമായ പെണ്‍കുട്ടികള്‍ ഇല്ല. ഈ പ്രദേശങ്ങളില്‍ വിവാഹത്തിന് പെൺകുട്ടികളുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണ്. 21 വയസ് മുതല്‍ 50 ന് മുകളില്‍ പ്രായമുള്ള ആളുകള്‍ വരെ വിവാഹത്തിനായി കാത്തിരിയ്ക്കുകയാണ്.
മോശമായ ലിംഗാനുപാതം കാരണം, ആരോഗ്യമുള്ള, വരുമാനമുള്ള, ഈ പുരുഷന്മാർക്ക് വർഷങ്ങളായി വിവാഹത്തിന് പെൺകുട്ടികളെ ലഭിക്കുന്നില്ലെന്ന് എൻജിഒ ജ്യോതി ക്രാന്തി പരിഷത്ത് തലവന്‍ ബർസ്‌കർ പറഞ്ഞു. "ജാതി, മതം, വിധവ, അനാഥ, ഒന്നും പ്രശ്നമല്ല, ഏതു പെൺകുട്ടിയെയും വിവാഹം കഴിക്കാൻ അവർ തയ്യാറാവുന്ന വിധം മോശമാണ് ഇവിടുത്തെ സ്ഥിതി. ഘോഷയാത്ര കളക്‌ട്രേറ്റിൽ അവസാനിച്ചു, അവിടെ 'വരന്മാർ' തങ്ങളുടെ ഹൃദയം നുറുങ്ങുന്ന വേദന പങ്കുവച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ അഭിസംബോധന ചെയ്ത ഒരു മെമ്മോറാണ്ടം സോലാപൂർ കളക്ടർ മിലിന്ദ് ശംഭാർക്കർക്ക് ഇവര്‍ കൈമാറി", ബർസ്‌കർ പറഞ്ഞു. ഘോഷയാത്രയില്‍ പങ്കെടുത്തവരില്‍ ചിലര്‍ 30 വര്‍ഷത്തോളമായി വധുവിനെ അന്വേഷിക്കുകയാണ്.
ഇന്ത്യയിൽ 1,000 ആൺകുട്ടികൾക്ക് 940 പെൺകുട്ടികൾ എന്ന ഔദ്യോഗിക ലിംഗാനുപാതമാണ് ഇപ്പോള്‍ ഉള്ളത്. മഹാരാഷ്ട്രയിൽ ഇത് 1,000 ആൺകുട്ടികൾക്ക് 920 പെൺകുട്ടികല്‍ എന്ന കണക്കിലാണ്. കേരളത്തിൽ 1,000 ആൺകുട്ടികൾക്ക് 1,050 പെൺകുട്ടികളാണുള്ളത്. മഹാരാഷ്ട്രയിലെ മിക്ക ഗ്രാമങ്ങളിലും 100-150 അവിവാഹിതരായ പുരുഷന്മാർവരെ ഉള്ളതായാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...