കൃഷിക്കായി പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്ന് കർഷകന് ലഭിച്ചത് അരക്കോടിയോളം രൂപയുടെ വജ്രം
പാട്ടത്തിനെടുത്ത ചെറിയ ഖനിയിൽ നിന്ന് 11.88 കാരറ്റ് നിലവാരമുള്ള വജ്രമാണ് പ്രതാപ് സിംഗിന് ലഭിച്ചത്
ഭോപ്പാൽ: ഒരാളുടെ ജീവിതം എപ്പോൾ എങ്ങനെ മാറി മറിയുമെന്ന് ആർക്കും പറയാനാകില്ല. വജ്രഖനികൾക്ക് പേരുകേട്ട മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഒരു കർഷകനാണ് ഒരു ദിവസം കൊണ്ട് സമ്പന്നനായത്. പ്രതാപ് സിംഗ് യാദവ് എന്ന ചെറുകിട കർഷകനാണ് ഭാഗ്യം തെളിഞ്ഞത്. പാട്ടത്തിനെടുത്ത ചെറിയ ഖനിയിൽ നിന്ന് 11.88 കാരറ്റ് നിലവാരമുള്ള വജ്രമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ജില്ലയിലെ പാട്ടി പ്രദേശത്തെ ഖനിയിൽ നിന്ന് ഈ വജ്രം കണ്ടെത്തിയതായി രവി പട്ടേൽ ബുധനാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സന്തോഷവാർത്തയറിഞ്ഞ് പ്രതാപ് സിംഗ് യാദവിന്റെ വീട്ടിൽ ഉത്സവാന്തരീക്ഷമാണ്.
മികച്ച ഗുണനിലവാരമുള്ള ഈ വജ്രം ലേലത്തിൽ വിൽപ്പനയ്ക്ക് വെക്കുകയും സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് വില നിശ്ചയിക്കുകയും ചെയ്യുമെന്ന് യാദവ് പറഞ്ഞു. ചെറുകിട കർഷകനാണ് പ്രതാപ് സിംഗ്. മൂന്ന് മാസത്തോളമായി ഈ ചെറിയ ഖനിയിൽ കഠിനാധ്വാനം ചെയ്യുകയാണ്. ഈ വജ്രം ഡയമണ്ട് ഓഫീസിൽ നിക്ഷേപിച്ചു. ഈ വജ്രം ലേലത്തിൽ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ബിസിനസ് തുടങ്ങാനും മക്കളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കാനുമാണ് തീരുമാനമെന്ന് പ്രതാപ് സിംഗ് പറയുന്നു.
ലേലത്തിൽ വജ്രത്തിന് 50 ലക്ഷം രൂപയിലധികം വില ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. അസംസ്‌കൃത വജ്രം ലേലം ചെയ്ത് സർക്കാരിന്റെ റോയൽറ്റിയും നികുതിയും കിഴിച്ചുള്ള വരുമാനം കർഷകന് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മധ്യപ്രദേശിലെ പന്ന ജില്ല വജ്ര ഖനികൾക്ക് പേരുകേട്ടതാണ്. മുൻപും ഇത്തരത്തിൽ വജ്രം ലഭിച്ച് ഇവിടെ പലരും സമ്പന്നരായിട്ടുണ്ട്. ജില്ലയിൽ 12 ലക്ഷം കാരറ്റിന്റെ വജ്രശേഖരം ഉണ്ടെന്നാണ് കണക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...