ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിനില്‍ക്കുന്നത്. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കൊണ്ടിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എല്‍ കെ അദ്വാനിയുടെ മണ്ഡലമായ ഗാന്ധിനഗറില്‍ ഇത്തവണ മത്സരിക്കുന്നത് ബിജെപിദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ്. 


ആദ്യമായി ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അമിത് ഷായുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ൦ ഇന്നായിരുന്നു. ചടങ്ങിനിടെയുണ്ടായ രസകരമായ സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.


നാമനിര്‍ദേശ പത്രിക പൂരിപ്പിക്കുന്നതിന് മുമ്പായി അഹമ്മദാബാദിലെത്തിയ അമിത് ഷായ്ക്കൊപ്പം അദ്ദേഹത്തിന്‍റെ കുടുംബവും ഉണ്ടായിരുന്നു.


അമിത് ഷായുടെ കയ്യിലിരുന്ന കൊച്ചു മിടുക്കിയുടെ കുസൃതിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറികൊണ്ടിരിക്കുന്നത്.


പിങ്കും നീലയും കലര്‍ന്ന ഫ്രോക്കിനൊപ്പം തലയിലൊരു തൊപ്പിയും ധരിച്ചാണ് കുട്ടി മുത്തശ്ശന്‍റെ കയ്യിലിരിക്കുന്നത്. എന്നാല്‍, ധരിച്ചിരുന്ന തൊപ്പി മാറ്റി ബിജെപിയുടെ തൊപ്പി വെയ്പ്പിക്കാന്‍ അമിത് ഷാ ശ്രമിക്കുകയായിരുന്നു.



എന്നാല്‍, കുട്ടി അത് തട്ടി മാറ്റുകയായിരുന്നു. തുടര്‍ന്ന് രണ്ടു തവണ കൂടി തൊപ്പി തലയില്‍ വെയ്പ്പിക്കാനുള്ള ശ്രമം നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. 


ഒടുവില്‍ തന്‍റെ തൊപ്പി തന്നെ തലയില്‍ വെച്ച് കൊടുത്തപ്പോഴാണ്‌ കുട്ടിയ്ക്ക് ആശ്വാസമായത്. എന്നാല്‍, കുട്ടിയുടെ കുസൃതി സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി വച്ചിരിക്കുകയാണിപ്പോള്‍.


ബിജെപിയുടെ തൊപ്പി തട്ടി മാറ്റിയ കുട്ടി രാജ്യദ്രോഹിയാണെന്നാണ് കമന്‍റുകള്‍ വരുന്നത്. 


കൊച്ചുകുട്ടിയെ പോലും രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ച അമിത് ഷായ്ക്കെതിരെയും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണ്.