Visakhapatnam : ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി
Andhra Pradesh Capital : നേരത്തെ വിശാഖപട്ടണം ഉൾപ്പടെ മൂന്ന് നഗരങ്ങളെയായിരുന്നു ആന്ധ്ര പ്രദേശിൽ തലസ്ഥാനമാക്കി വെച്ചിരുന്നത്
ന്യൂ ഡൽഹി : ആന്ധ്രപദേശിന്റെ തലസ്ഥാന നഗരിയായി വിശാഖട്ടണത്തെ പ്രഖ്യാപിച്ചു. തന്റെ ഓഫീസും ഔദ്യോഗിക വസതിയും മാസങ്ങൾക്കുള്ളിൽ വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഡൽഹിയിൽ വെച്ച് അറിയിച്ചു. നേരത്തെ ആന്ധ്രയിലെ മൂന്ന് പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഭരണസംവിധാനങ്ങളെ സജ്ജമാക്കിയിരുന്നത്. ആന്ധ്ര-തെലങ്കാന വിഭജനത്തിന് ശേഷം താൽക്കാലികമായി ഭരണകേന്ദ്രമായി തിരഞ്ഞെടുത്ത അമരാവതി, കുർണൂൾ ജില്ല, വിശാഖപട്ടണം എന്നിങ്ങിനെ മൂന്ന് നഗരങ്ങളെ തലസ്ഥാനമായി പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചത്.
എന്നാൽ സർക്കാരിന്റെ ഈ നിലപാടിനെ ഹൈദരാബാദ് ഹൈക്കോടതി എതിർത്തു. ഹൈക്കോടതി വിധിക്കെതിരെ ആന്ധ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. കേസ് സുപ്രീം കോടതിയിൽ തുടരവെയാണ് വിശാഖപട്ടണത്തെ തലസ്ഥാന നഗരിയാക്കുകൊണ്ടുള്ള ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ALSO READ : Amrit Udyan: രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം എപ്പോൾ തുറക്കും? എങ്ങിനെയാണ് പ്രവേശനം ലഭിക്കുക? അറിയാം
2014ൽ ആന്ധ്ര വിഭജനത്തിൽ പുതുതായി ഉണ്ടായ തെലങ്കാന സംസ്ഥാനത്തിന് അന്നത്തെ ആന്ധ്ര പ്രദേശിന്റെ തലസ്ഥാനമായിരുന്ന ഹൈദരാബദ് തലസ്ഥാനനഗരിയായി ലഭിച്ചിരുന്നു. 2015ൽ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി സർക്കാർ വിജയവാഡ ജില്ലയിലെ അമരാവതിയെ തലസ്ഥാന നഗരിയായി പ്രഖ്യാപിച്ചു. എന്നാൽ പിന്നീട് വൈഎസ്ആർ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ മൂന്ന് നഗരങ്ങളെ തലസ്ഥാനമാക്കി ഭരണ സംവിധാനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു. വിശാഖപട്ടണം ഭരണനിർവ്വഹണം ( എസിക്യൂട്ടീവ്), അമരാവതി നിയമനിർമ്മാണം (ലെജിസ്ലച്ചർ), കുർണൂൾ ജുഡീഷ്യറി എന്നിങ്ങിനെ മൂന്നായി വിഭജിച്ച് ഭരണ സംവിധാനങ്ങൾ കൊണ്ടു പോകാനായിരുന്നു തീരുമാനിച്ചിരുന്നത്.
അമരാവതി തലസ്ഥാനമാക്കുന്നതുമായി ബന്ധപ്പെട്ട് ടിഡിപിയുമായി വൈ എസ് ആർ കോൺഗ്രസിന് വലിയ അഭിപ്രായ വ്യത്യസമായിരുന്നു ഉണ്ടായിരുന്നത്. ആന്ധ്ര വിഭജനത്തിന് ശേഷം അന്നത്തെ ഭരണകക്ഷിയായിരിന്ന ടിഡിപി ഭൂഅഴിമതി നടത്തിയെന്ന് വൈ എസ് ആർ കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണം മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു നിഷേധിക്കുകയും ചെയ്തു. ഇപ്പോൾ തലസ്ഥാനം പൂർണമായിട്ടും വിശാഖപട്ടണത്തേക്ക് മാറുമ്പോൾ ടിഡിപി വൈ എസ് ആർ സി പി പോര് തുടർന്നേക്കും.
വിശാഖപട്ടണത്തെ കുറിച്ച് പറയുമ്പോൾ തീരദേശ നഗരത്തെ വൈസാഗ് എന്നാണ് ചുരുക്കി വിളിക്കുന്നത്. ആന്ധ്ര പ്രദേശിലെ എറ്റവും കൂടുതൽ ജനങ്ങൾ പാർക്കുന്ന നഗരമാണ് വിശാഖപട്ടണം. തമിഴ് നാട്ടിലെ ചെന്നൈ കഴിഞ്ഞാൽ കിഴക്കൻ തീരദേശത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും കൂടിയാണ് വിശാഖപട്ടണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...