രാജസ്ഥാനില്‍ വോട്ടെടുപ്പ് തുടങ്ങി
ജയ്പൂര്‍: രാജസ്ഥാനില്‍ അല്‍വര്‍, അജ്മീര്‍ ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കും മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ഫെബ്രുവരി ഒന്നിനു വോട്ടെണ്ണും. 38 ലക്ഷം വോട്ടർമാരാണ് ആകെയുള്ളത്. 23 സ്ഥാനാർഥികൾ ആജ്മീറിൽ ജനവിധി തേടുമ്പോൾ 11 പേരാണ് ആൽവാറിലുള്ളത്.
മണ്ഡൽഗഡ് നിയമസഭാ മണ്ഡലത്തിൽ എട്ടു സ്ഥാനാഥികൾ മത്സരിക്കുന്നു. മൂന്നു മണ്ഡലങ്ങളും ബിജെപി പ്രതിനിധാനം ചെയ്തിരുന്നതാണ്. സൻവർ ലാൽ ജാട്ട്(അജ്മീർ), ചാന്ദ് നാഥ്(അൽവർ), കീർത്തികുമാരി(മണ്ഡൽഗഡ്) എന്നിവരുടെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തൊഴിൽമന്ത്രി ജസ്വന്ത് സിംഗ് യാദവാണ് അൽവറിൽ ബിജെപി സ്ഥാനാർഥി. മുൻ എംപി കരൺ സിംഗ് യാദവാണ് കോൺഗ്രസ് സ്ഥാനാർഥി. അജ്മീറിൽ സൻവർ ലാൽ ജാട്ടിന്റെ മകൻ രാംസ്വരൂപ് ലംബ ബിജെപി സീറ്റില്‍ മത്സരിക്കുന്നു. മുൻ എംഎൽഎ രഘു ശർമയാണു കോൺഗ്രസ് സീറ്റില്‍ ജനവിധി തേടുന്നത്.
അല്‍വറില്‍ ലോക്സഭാ മണ്ഡലത്തിൽ 1,987 പോളിംഗ് ബൂത്തുകളിലായും അജ്മീർ ലോക്സഭാ മണ്ഡലത്തിൽ 1,925 ബൂത്തുകളിലുമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്.
മണ്ഡൽഗഢ് നിയമസഭാ മണ്ഡലത്തിൽ വോട്ടർമാർക്കായി 282 ബൂത്തുകളാണ് സ്ഥാപിച്ചിട്ടുള്ളത്. അൽവാറിൽ 18.27 ലക്ഷവും അജ്മീരിൽ 18.42 ലക്ഷവും മണ്ഡൽഗഢിൽ 2.31 ലക്ഷവും വോട്ടര്‍മാര്‍ വീതമാണുള്ളത്.