ന്യൂഡല്‍ഹി: ഇതാദ്യമായാണ് നോട്ടുനിരോധനത്തെപ്പറ്റി മുന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ പരാമര്‍ശിക്കുന്നത്. തന്‍റെ ഏറ്റവും പുതിയ പുസ്തകമായ ‘ഐ ഡു വാട്ട് ഐ ഡു’ എന്ന പുസ്തകത്തിലാണ് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍. ഈ പുസ്തകം അദ്ദേഹം ആര്‍ബിഐ ഗവര്‍ണ്ണറായിരുന്ന കാലഘട്ടത്തില്‍ നടത്തിയ പ്രഭാഷണങ്ങളുടെ ഒരു സമാഹാരമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രണ്ടു കാര്യങ്ങള്‍ അദ്ദേഹം തുറന്നു പറഞ്ഞു. ഒന്ന്, ഗവര്‍ണ്ണര്‍ പദവിയുടെ കാലാവധി നീട്ടിക്കൊടുക്കുവനുള്ള വാഗ്ദാനം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. രണ്ട്,  നോട്ട് അസാധുവാക്കാന്‍ തീരുമാനിച്ച ബോര്‍ഡില്‍ താന്‍ ഉണ്ടായിരുന്നില്ല. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട തീരുമാനത്തെ താന്‍ അനുകൂലിച്ചിരുന്നില്ലെന്നും മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി.


നിരോധിക്കപ്പെട്ട 500 -ന്‍റെയും 1000 -ന്‍റെയും നോട്ടുകളില്‍ 99% വും ആര്‍ബിഐയില്‍ തിരിച്ചെത്തിയെന്ന വാര്‍ത്തയ്ക്കു പിന്നലെ മുന്‍ ആര്‍ബിഐ ഗവര്‍ണ്ണറുടെ ഈ പരാമര്‍ശം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. 


നോട്ടു നിരോധനത്തെപ്പറ്റിയുള്ള തന്‍റെ അഭിപ്രായം 2016 ഫെബ്രുവരിയില്‍ നല്‍കിയിരുന്നു,  വാക്കാലാണ് അന്ന് താന്‍ അഭിപ്രായം രേഖപ്പെടുത്തിയത്. തീരുമാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനപ്രദമാണെങ്കിലും പൊടുന്നനെ ഉണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച ദീര്‍ഘകാലം കൊണ്ടുണ്ടാകുന്ന ഗുണത്തേക്കാള്‍ അധികമായിരിക്കും എന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു.


അതുകൂടാതെ, നോട്ടുനിരോധനം അഥവാ നടപ്പാക്കുകയാണ് എങ്കില്‍ അതിനു  മുന്‍പായി കൈക്കൊള്ളേണ്ട നടപടികള്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എങ്കിലും തന്‍റെ കാലയളവില്‍ നോട്ട് നിരോധനത്തെപ്പറ്റി ഒരു തീരുമാനവും കൈക്കൊണ്ടിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.


സെപ്റ്റംബര്‍ 3ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ പദവി ഒഴിഞ്ഞ ശേഷം ആദ്യമായാണ് നോട്ട് നിരോധന വിഷയത്തില്‍ രഘുറാം രാജന്‍ മനസ്സ് തുറക്കുന്നത്.