കുടുംബത്തോടൊപ്പം ഇന്ത്യാ സന്ദര്‍ശനത്തിനത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ കുട്ടികള്‍ക്കൊപ്പം ഡല്‍ഹിയില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടാണ് അദ്ദേഹം അമ്പരപ്പിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങള്‍ക്കൊപ്പം സാധാരണക്കാരനെപ്പോലെ ഇടപെടുകയും സംവദിക്കുകയും ചെയ്യുന്ന ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലും തന്‍റെ ശൈലിയിലൂടെ ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനും സിഖ് വംശജര്‍ക്ക് കാനഡയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ സൗഹൃദപരമായി പരിഹരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ ഔദ്യോഗിക സന്ദര്‍ശനം ചടുലമാക്കുന്നത് ട്രൂഡോയുടെ ഇടപെടലുകളാണ്. ഇന്ത്യക്കാര്‍ക്ക് ആവേശമായ ക്രിക്കറ്റ് കളിച്ചുകൊണ്ടാണ് സൗഹൃദത്തിന്‍റെ സന്ദേശം അദ്ദേഹം പങ്കു വയ്ക്കുന്നത്. 


ഡല്‍ഹിയില്‍ എത്തിയ ട്രൂഡോ കുട്ടികള്‍ക്കൊപ്പം മൈതാനത്ത് ക്രിക്കറ്റ് കളിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്,മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ട്രൂഡോയുടെ സൗഹൃദ ക്രിക്കറ്റ്. 


 



 


ഇന്ത്യന്‍ ശൈലിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ട്രൂഡോയും കുടുംബവും ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. കാനഡയില്‍ സ്ഥിരതാമസമാക്കിയ ബഹുഭൂരിപക്ഷം വരുന്ന സിഖ് വംശജരോട് സൗഹൃദാന്തരീക്ഷം പുലര്‍ത്തുമെന്നതിന് അടിവരയിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പഞ്ചാബ് സന്ദര്‍ശനം. ലളിതമായ പെരുമാറ്റത്തിലൂടെ ഇന്ത്യക്കാരുടെ ആദരവും ശ്രദ്ധയും പിടിച്ചു പറ്റിയ ജസ്റ്റിന്‍ ട്രൂഡോയുമായി പ്രധാനമന്ത്രി ഇതുവരെ കൂടിക്കാഴ്ച നടത്താത്തത് വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. നാഗാലാന്‍റ്  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള യാത്രകളിലാണ് പ്രധാനമന്ത്രി. ശനിയാഴ്ചയാണ് ട്രൂഡോയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ട്രൂഡോയുടെ ഗുജറാത്ത് സന്ദര്‍ശനത്തിലും മോദി സന്നിഹിതനായിരുന്നില്ല.