Wayanad landslide: `ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പം`; വയനാട് ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി നടൻ വിജയ്
Wayanad landslide Updates: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി നടൻ വിജയ്.
ചെന്നൈ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ആയിരുന്നു വിജയുടെ പ്രതികരണം. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നുവെന്നും വിജയ് കുറിപ്പിൽ വ്യക്തമാക്കി.
സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർത്ഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമെന്നും വിജയ് കുറിച്ചു. “കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. എൻ്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർഥിക്കുന്നു” എന്നായിരുന്നു വിജയുടെ കുറിപ്പ്.
അതേസമയം, വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട്. സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ വാഹനങ്ങൾ, ആളുകൾ എന്നിവ നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
''വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നു. രക്ഷാ പ്രവർത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങൾ അഞ്ച് കോടി രൂപ നൽകുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ സഹായിക്കാൻ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഞങ്ങൾ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ടീമിനെയും അയയ്‌ക്കുന്നുണ്ട്. ഞങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി ബഹുമാനപ്പെട്ട സഖാവ് പിണറായി വിജയനുമായി ഞാൻ ഫോണിൽ സംസാരിച്ചു. നമ്മൾ ഒറ്റക്കെട്ടായി ഈ പ്രതിസന്ധി തരണം ചെയ്യും.'' എക്സിൽ പങ്കുവച്ച കുറിപ്പിൽ സ്റ്റാലിൻ വ്യക്തമാക്കി.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.