AIIMS Cyber Attck: ഒരാഴ്ചയായി എയിംസ് സെർവർ ഡൗണ്‍, എന്ത് ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചാണ് സംസാരിക്കുന്നത്? ചോദ്യവുമായി മനീഷ് തിവാരി
AIIMS Cyber Attck: സെർവർ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
New Delhi: രാജ്യത്തെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ എയിംസ് ഡല്‍ഹിയിലെ സെര്‍വര്‍ പ്രവര്‍ത്തന രഹിതമായിട്ട് ഇപ്പോള്‍ 6 ദിവസം കഴിഞ്ഞു. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിശബ്ദമാണ്.
സെർവർ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഡല്‍ഹി AIIMS ഉം ഡല്‍ഹി പോലീസും ഈ വാര്‍ത്ത നിഷേധിക്കുകയാണ്. അതേസമയം, സെർവറുകളുടെ തകരാർ പരിഹരിക്കാനുള്ള ശ്രമം തീവ്രമായി നടക്കുകയാണ് എന്നാണ് എയിംസ് അധികൃതർ വ്യക്തമാക്കുന്നത്.
എന്നാല്‍, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ (AIIMS) നടന്നത് വന്‍ സൈബർ ആക്രമണമാണ് എന്നും ഈ വിഷയം അങ്ങേയറ്റം ഗംഭീരമാണ് എന്നുമാണ് റിപ്പോര്‍ട്ട്. സെർവര്‍ സൈബർ ആക്രമണത്തിൽ, രാജ്യ സുരക്ഷയെ ബാധിക്കുന്നതടക്കമുള്ള നിരവധി വിവരങ്ങൾ ചോർന്നതായി സൂചനയുണ്ട്. അതായത്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പ്രമുഖരുടെ രോഗ വിവരങ്ങള്‍, കോവിഷീൽഡ്, കോവാക്സീൻ തുടങ്ങിയവയുടെ ട്രയൽ വിവരങ്ങൾ, എച്ച്ഐവി രോഗികളുടെ വിവരങ്ങൾ, പീഡനകേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങൾ, ആരോഗ്യ സുരക്ഷാ പഠനങ്ങൾ തുടങ്ങിയവ ഇതില്‍പ്പെടുന്നു.
AIIMS സെര്‍വര്‍ പ്രവര്‍ത്തന രഹിതമായിട്ട് ഇപ്പോള്‍ 6 ദിവസം കഴിഞ്ഞു. നാലുകോടിയോളം രോഗികളെ സംബന്ധിക്കുന്ന വിവരങ്ങൾ ചോർന്നിട്ടുണ്ടാകുമെന്നാണ് അനുമാനം.
അതേസമയം, ഡല്‍ഹി എയിംസ് സെർവർ ഹാക്കിംഗില്‍ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. ഒരാഴ്ചയായിട്ടും രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയിലെ സെര്‍വര്‍ പുന:സ്ഥാപിക്കാനായിട്ടില്ലെങ്കിൽ എന്ത് "ഡിജിറ്റൽ ഇന്ത്യ"യെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനീഷ് തിവാരി ചോദിച്ചു. ഇന്ന് എയിംസ്, ആണെങ്കില്‍, നാളെ മറ്റ് തന്ത്രപ്രധാന മേഖലകളും ആക്രമിക്കപ്പെട്ടേക്കാം, എത്ര ദുർബലമാണ് നമ്മുടെ സംവിധാനങ്ങളെന്ന് അദ്ദേഹം ചോദിച്ചു.
ഡിസംബർ 23 മുതൽ എയിംസ് സെർവർ പ്രവർത്തനരഹിതമാണ്. 6 ദിവസം തുടർച്ചയായി സെർവർ പ്രവർത്തനരഹിതമായതിനാൽ, മിക്ക ജോലികളും കമ്പ്യൂട്ടര്‍ രഹിതമായാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെ തങ്ങളുടെ ഡാറ്റ ശേഖരിച്ചു സൂക്ഷിക്കാന്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...