Russia - Ukraine War : യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ രക്ഷിക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെ?
കീവിൽ നിന്ന് 9 മണിക്കൂറുകൾ കൊണ്ട് പോളണ്ടിലും 12 മണിക്കൂറുകൾ കൊണ്ട് റൊമാനിയയിലും എത്താമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു.
നിലവിൽ 16000 ത്തോളം ഇന്ത്യൻ വിദ്യാർഥികളാണ് ഉക്രൈനിൽ കുടുങ്ങിയിട്ടുള്ളത്. ഇവർക്ക് സഹായം നൽകാനായി വിദേശകാര്യ മന്ത്രാലയം 24*7 കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഇവർക്ക് സഹായ നൽകാനും വിവരങ്ങൾ നൽകാനും ഇവ പ്രവർത്തിക്കും. കൂടാതെ ഹംഗറിയുടെയും പോളണ്ടിന്റെയും അതിർത്തികൾ വഴി യുക്രൈനിൽ കുടുങ്ങിയ ജനങ്ങളെ തിരികെയെത്തിക്കാൻ ടീമുകളെ ഇന്ത്യൻ ഗവണ്മെന്റ് എത്തിച്ചിട്ടുണ്ട്.
യുക്രൈനിന്റെ വ്യോമപാത അടച്ച സാഹചര്യത്തിൽ കരമാർഗമാണ് ഉദ്യോഗസ്ഥർ യുക്രൈൻ അതിർത്തിയിൽ എത്തുന്നത്. ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കാൻ ഏറ്റവും സുരക്ഷിതമായ പാത ഇതിനോടകം തിരഞ്ഞെടുത്തിട്ടുണ്ട്. കീവിൽ നിന്ന് 9 മണിക്കൂറുകൾ കൊണ്ട് പോളണ്ടിലും 12 മണിക്കൂറുകൾ കൊണ്ട് റൊമാനിയയിലും എത്താമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു. ഇവിടങ്ങളിലേക്ക് എത്താനുള്ള ഏറ്റവും സുരക്ഷിതമായ മാര്ഗം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ - യുക്രൈൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. യുക്രൈനിൽ കുടുങ്ങിയിരിക്കുന്ന വിദ്യാർഥികളുടെയും ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷയുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇവരെ തിരികെയെത്തിക്കുന്നതിനാണ് ഇന്ത്യ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രധാന്യം നല്കുന്നതെന്നും അദ്ദേഹം പുടിനോട് പറഞ്ഞിരുന്നു.
യുക്രൈനിലെ ഇന്ത്യൻ എംബസ്സി, ഇന്ത്യൻ പൗരന്മാർക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. കീവിലെക്ക് പുറപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ തന്നെ തിരികെ മടങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ആവശ്യം വരുമ്പോൾ എങ്ങനെയാണ് സുരക്ഷിതമായി ഒരു ബോംബ് ഷെൽട്ടർ കണ്ടുപിടിക്കേണ്ടത് എന്ന് തുടങ്ങിയ വിവരങ്ങളും എംബസ്സി നൽകുന്നുണ്ട്.
അതേസമയം റഷ്യയുടെ എണ്ണൂറോളം സൈനികരെ വധിച്ചതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം. വ്യാഴാഴ്ച ആരംഭിച്ച സൈനിക നടപടി മുതൽ റഷ്യയുടെ എണ്ണൂറോളം സൈനികർ കൊല്ലപ്പെട്ടതായാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. ഏഴ് റഷ്യൻ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും 30 ലധികം റഷ്യൻ ടാങ്കുകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എയർക്രാഫ്റ്റ്- 7 യൂണിറ്റുകൾ, ഹെലികോപ്റ്ററുകൾ- 6 യൂണിറ്റുകൾ, ടാങ്കുകൾ- 30 യൂണിറ്റുകളിൽ കൂടുതൽ എന്നിവ നശിപ്പിച്ചതായി യുക്രൈന്റെ ഡെപ്യൂട്ടി ഡിഫൻസ് മിനിസ്റ്റർ ഹന്ന മാൽയർ അറിയിച്ചു.
അതേസമയം, കീഴടങ്ങാൻ വിസമ്മതിച്ച 13 യുക്രൈൻ സൈനികരെ റഷ്യൻ സൈന്യം വധിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. യുദ്ധം ആരംഭിച്ച് രണ്ടാം ദിനം വലിയ രീതിയിലുള്ള ആക്രമണമാണ് റഷ്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പ്രധാന നഗരങ്ങളിലെല്ലാം കനത്ത മിസൈൽ ആക്രമണം നടത്തി. കീവിൽ വെള്ളിയാഴ്ച പുലർച്ചെ തന്നെ രണ്ട് വലിയ സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...