ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗം ബി.ജെ.പി കുട്ടിച്ചോറാക്കിയെന്ന് മുന്‍പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗ്. 2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന വാഗ്‍ദാനം എന്‍ഡിഎ സര്‍ക്കാര്‍ പാലിച്ചില്ലെന്നും, വലിയ വാഗ്ദാനങ്ങള്‍ നല്‍കി മോദി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

എഐസിസി യുടെ എണ്‍പത്തിനാലാം പ്ലീനറി സമ്മേളനത്തിന്‍റെ സമാപനദിനത്തില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. തന്‍റെ പ്രസംഗത്തില്‍ മോദി സര്‍ക്കാരിനെ കണക്കറ്റു വിമര്‍ശിക്കാനും അദ്ദേഹം മടി കാട്ടിയില്ല. 



രാജ്യത്തെ സാമ്പത്തിക രംഗം മോദി സര്‍ക്കാര്‍ താറുമാറാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട നിരോധനവും ജിഎസ്ടിയും സാമ്പത്തിക രംഗത്തെ തകര്‍ത്തിരിക്കുകയാണ്. മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി.


അതുകൂടാതെ ജമ്മുകശ്മീര്‍ വിഷയം പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ സുരക്ഷിതമല്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ചരിത്രത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം കശ്മീര്‍ പ്രശ്നം വഷളാക്കിയിരിക്കുകയാണ്. കശ്മീര്‍ വിഷയം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല. കശ്മീരിലെ സ്ഥിതിഗതികള്‍ ഓരോ ദിവസവും വഷളാവുകയാണ്. ഇന്ത്യന്‍ അതിര്‍ത്തികള്‍ സുരക്ഷിതമല്ലാതാവുകയാണ്. അകത്തുനിന്നും പുറത്തുനിന്നും രാജ്യം ഇപ്പോള്‍ ഭീഷണി നേരിടുകയാണ് അദ്ദേഹം പറഞ്ഞു. 


പ്ലീനറി സമ്മേളനത്തില്‍ ആനന്ദ് ശര്‍മ്മ രാഷ്‌ട്രീയ പ്രമേയം അവതരിപ്പിച്ചു. സ്ഥിരതയുള്ള ഇന്ത്യയുടെ വിദേശ നയത്തെ മോദി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും വിദേശ നയത്തില്‍ മോദി സര്‍ക്കാര്‍ സ്വന്തം അജണ്ട നടപ്പാക്കുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തി. ഇന്ന് വൈകുന്നേരം നാല് മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിന് മുന്‍പ് വിഷന്‍ 2020 എന്ന പേരിലുള്ള പ്രവര്‍ത്തന പദ്ധതിയും പുറത്തിറക്കും.