NRC രാജ്യമൊട്ടാകെ നടപ്പാക്കുന്നതിനെ എതിര്‍ക്കുമെന്ന് NDA സഖ്യ കക്ഷി
ദേശീയ പൗരത്വ രജിസ്റ്റര്‍ (NRC) രാജ്യമൊട്ടാകെ നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നതായി NDAയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍.
ഛണ്ഡീഗഢ്: ദേശീയ പൗരത്വ രജിസ്റ്റര്‍ (NRC) രാജ്യമൊട്ടാകെ നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നതായി NDAയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍.
മുസ്ലീങ്ങളെ അരക്ഷിതരാക്കുന്ന NRCയെ പൂര്‍ണ്ണമായും എതിര്‍ക്കുമെന്ന് ശിരോമണി അകാലിദള്‍ പ്രസ്താവിച്ചത് ബിജെപിയുടെ തലവേദന കൂട്ടിയിരിക്കുകയാണ്.
കൂടാതെ, എന്‍ഡിഎ ഘടകകക്ഷികള്‍ക്കിടയില്‍ മെച്ചപ്പെട്ട ഏകോപനം ആനിവര്യമാണ്, ഘടക കക്ഷികള്‍ കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നതായും അടല്‍ ബിഹാരി വാജ്പേയിയുടെ കാലഘട്ടത്തില്‍ അതുണ്ടായിരുന്നുവെന്നും അകാലിദള്‍ നേതാവും രാജ്യസഭാ എംപിയുമായ നരേഷ് ഗുജ്റാള്‍ ബിജെപി ദേശീയ നേതൃത്വത്തെ ഉന്നംവെച്ചുകൊണ്ട് പറഞ്ഞു.
എന്‍ആര്‍സി രാജ്യത്ത് നടപ്പാക്കരുത്. ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണം. എന്‍ആര്‍സി സംബന്ധിച്ച് മുസ്ലിം സമുദായാംഗങ്ങള്‍ക്ക് നിരവധി സംശയങ്ങളും ആശങ്കകളുമുണ്ട്. ഞങ്ങള്‍ എന്‍ആര്‍സിക്ക് എതിരാണ്. സര്‍ക്കാരാണ് നടപ്പിലാക്കില്ലെന്ന് പറയേണ്ടത്. ന്യൂനപക്ഷമായ സിഖ് സമുദായത്തേയാണ് ശിരോമണി അകാലിദള്‍ പ്രതിനിധീകരിക്കുന്നതെന്നും അതുകൊണ്ട് തന്നെ മറ്റു ന്യൂനപക്ഷങ്ങളുടെ ആശങ്കകളും വികാരങ്ങളും ഞങ്ങള്‍ക്ക് മനസ്സിലാകുംമെന്നും നരേഷ് ഗുജ്റാള്‍ പറഞ്ഞു.
മുസ്ലീങ്ങള്‍ അരക്ഷിതരാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. 1984ന് ശേഷം സിഖുകാര്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാന്‍ തുടങ്ങി എന്ന വസ്തുത കണക്കിലെടുത്ത് ഒരു ന്യൂനപക്ഷത്തിനും ഒരു തരത്തിലും അരക്ഷിതാവസ്ഥ അനുഭവപ്പെടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഗുജ്‌റാള്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലിം വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് ശിരോമണി അകാലിദള്‍ ആഗ്രഹിക്കുന്നത്. പാര്‍ലമെന്‍റില്‍ ബില്‍ പാസാക്കുന്ന വേളയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 6000ത്തോളം സിഖ് സമുദായാംഗങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് ബില്ലിനെ പാര്‍ലമെന്‍റില്‍ പിന്തുണച്ചത്. രാജ്യത്ത് സമാധാനവും ഐക്യവും തുടരണം. മതത്തിന്‍റെ പേരില്‍ ഭിന്നിപ്പുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.