ലഖ്നൗ: വിവാദ പ്രസ്താവനയുമായി വീണ്ടും സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് അസംഖാന്‍. താജ്മഹല്‍ പൊളിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് അസംഖാന്‍ അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിന്‍റെ ടൂറിസം മാപ്പില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദം അവസാനിക്കുന്നതിന് മുന്‍പേയാണ് മറ്റൊരു വിവാദ പ്രസ്താവനയുമായി അസംഖാന്‍ എത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

താജ്മഹല്‍, ചെങ്കോട്ട, കുത്തബ് മിനാര്‍, പാര്‍ലമെന്‍റ് തുടങ്ങിയവയെല്ലാം അടിമത്തത്തിന്‍റെ പ്രതീകങ്ങളാണെന്നും അസംഖാന്‍ തുറന്നടിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നിലപാടുകളോട് പരിപൂര്‍ണ പിന്തുണയാണെന്നും അസംഖാന്‍ വ്യക്തമാക്കി. 


അതേസമയം, താജ്മഹലിനെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ടൂറിസം മാപ്പില്‍ നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്നുണ്ടായ വിവാദത്തിന് മറുപടിയുമായി ടൂറിസം മന്ത്രി റീത്ത ബഹുഗുണ രംഗത്തെത്തി. താജ്മഹല്‍ ലോകപൈതൃക സമ്പത്താണെന്നും പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു. താജ്മഹലുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് 156 കോടി വകയിരുത്തിയതായും മന്ത്രി അറിയിച്ചു.