വനിതാ യാത്രക്കാർക്ക് സന്തോഷവാർത്ത, ദീർഘദൂര ട്രെയിനുകളിൽ ഇനി റിസർവ്ഡ് ബർത്ത്
ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം അനുസരിച്ചായിരിക്കും ഈ വിഭാഗത്തിനുള്ള സീറ്റുകളുടെ സംവരണ ക്വാട്ട നിശ്ചയിക്കുന്നത്.
ഈ അവധിക്കാലത്ത്, പതിവായി യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. അധികം വൈകാതെ ദീർഘദൂര ട്രെയിനുകളിലെ സ്ത്രീ യാത്രക്കാർക്ക് റിസർവ്ഡ് ബർത്ത് ലഭിക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ വൻ പ്രഖ്യാപനം നടത്തിയത്. ദീർഘദൂര ട്രെയിനുകളിൽ സ്ത്രീ യാത്രക്കാർക്ക് സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ പ്രത്യേക ബെർത്തുകളും മറ്റ് നിരവധി സൗകര്യങ്ങളും അനുവദിച്ചിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
ദീർഘദൂര മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസിലും, ഗരീബ് രഥ്, രാജധാനി, തുരന്തോ തുടങ്ങിയ എക്‌സ്‌പ്രസ് ട്രെയിനുകളിലെ 3AC ക്ലാസുകളിലും ആറ് ബെർത്തുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ഒറ്റയ്ക്കോ കൂട്ടമായോ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാർക്ക് അവരുടെ പ്രായം പരിഗണിക്കാതെ ക്വാട്ട ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സ്ലീപ്പർ കോച്ചുകളിലും ആറ് മുതൽ ഏഴ് ലോവർ ബർത്ത് കോച്ചുകൾ, 3AC കോച്ചുകളിൽ നാല് മുതൽ അഞ്ച് വരെ ലോവർ ബർത്ത്, 2AC കോച്ചുകളിൽ മൂന്ന് മുതൽ നാല് വരെ ബർത്തുകളും മുതിർന്ന പൗരന്മാർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും, കൂടാതെ ഗർഭിണികൾക്കുമായി സംവരണം ചെയ്യുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം അനുസരിച്ചായിരിക്കും ഈ വിഭാഗത്തിനുള്ള സീറ്റുകളുടെ സംവരണ ക്വാട്ട നിശ്ചയിക്കുന്നത്.
സ്ത്രീകളുടെയും ട്രെയിനുകളിലെ എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് മികച്ച സുരക്ഷ നൽകുന്നതിനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി), ജില്ലാ പോലീസ് എന്നിവർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മുതൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് മേരി സഹേലി എന്ന പ്രത്യേക സംരംഭം ഇന്ത്യൻ റെയിൽവേ ആരംഭിച്ചിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...