കൊറോണാ ഭീതിക്ക് പിന്നാലെ കർഷകർക്ക് ഭീഷണിയായി വെട്ടുകിളി ആക്രമണവും. വിളവെടുക്കാൻ പാകമായ പാടങ്ങളെല്ലാം ഭക്ഷണമാക്കി മുന്നേറുകയാണ് പാക്കിസ്ഥാനിൽ നിന്നും എത്തിയ വെട്ടുകിളികൾ. ഫെബ്രുവരിയിൽ പാകിസ്ഥാനിൽ ഉണ്ടായ വെട്ടുകിളി ആക്രമണത്തെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കനത്ത നാശനഷ്ടമാണ് പാകിസ്ഥാനിലെ കാർഷിക മേഖലയിൽ ഇവ തീർത്തത്. എന്നാൽ ഇന്ന് അതേ വെട്ടുകിളികൾ ഇന്ത്യയിലെത്തി നമ്മുടെ കാർഷികവിളകൾ കാർന്ന് തിന്നുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാൻ, മധ്യപ്രദേശ്, സംസ്ഥാനങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിലും വെട്ടുകിളി ആക്രമണം തുടങ്ങി.ആഗ്ര, അലിഗഢ്, ബുലന്ദ്ശഹർ, കാൺപുർ, മഥുര എന്നി ജില്ലകളും വെട്ടുകിളികൾ കയ്യേറി. മുൻകരുതലിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.ഏപ്രിൽ രണ്ടാം വാരമാണ് ഇന്ത്യയിൽ ആദ്യമായി വെട്ടുകിളി ആക്രമണം റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാനിൽ നിന്നും രാജസ്ഥാനിലെ പാടങ്ങളിലേക്കായിരുന്നു ഇവ ആദ്യം എത്തിയത്. 27 വർഷത്തിനിടയിൽ കാർഷിക മേഖല നേരിടുന്ന വലിയ വെട്ടുകിളി ആക്രമണമാണിത്.


Also Read : പാക്‌ നുഴഞ്ഞു കയറ്റക്കാരെ തടുക്കാം, പക്ഷെ, വെട്ടുകിളികളെ...?


അതേസമയം ആഗ്രയില്‍ വെട്ടുകിളി ആക്രമണത്തില്‍നിന്ന് വിളകളെ സംരക്ഷിക്കുന്നതിനായി കെമിക്കല്‍ സ്‌പ്രേകള്‍ ഘടിപ്പിച്ച 204 ട്രാക്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഝാന്‍സിയില്‍ വെട്ടുകിളികളുടെ അക്രമം തടയുന്നതിനായി രാസവസ്തുക്കളുമായി കരുതിയിരിക്കാന്‍ അഗ്നിശമനയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.


വെട്ടുക്കിളികളെക്കുറിച്ച് 


കിഴക്കൻ ആഫ്രിക്കയിലും സുഡാനിലും ജനിച്ച് മരുഭൂമി വെട്ടുകിളികൾ സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെ പാകിസ്താനിലേക്കും ഇന്ത്യയിലേക്കും സഞ്ചരിക്കുന്നു. വലിയ കൂട്ടം ചെറിയ കൂട്ടങ്ങളായി പിരിഞ്ഞ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെത്തുന്നു.


വെട്ടുക്കിളികളുടെ എണ്ണം ജൂൺ മാസത്തോടെ 500 മടങ്ങ് വർദ്ധിക്കുമെന്നാണ് ബിബിസി റിപ്പോർട്ട്. എഫ്‌എ‌ഒയുടെ കണക്കനുസരിച്ച്, ചതുരശ്ര കിലോമീറ്ററിന് (0.39 ചതുരശ്ര മൈൽ) 150 ദശലക്ഷം വെട്ടുക്കിളികൾ ഒരു കൂട്ടത്തിൽ തന്നെ അടങ്ങിയിരിക്കാം.


2019 ന്‍റെ അവസാനത്തിൽ പെയ്തിറങ്ങിയ കനത്ത മഴയാണ് വെട്ടുക്കിളികളുടെ അസാധാരണമായ വംശവര്‍ദ്ധനവിന് പ്രധാന കാരണം. മഴയെ തുടര്‍ന്ന് പ്രദേശങ്ങളിലെ ചൂട് കൂടി. സാധാരണ താപനിലയേക്കാൾ ചൂട് കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങളാണ് ഉണ്ടാക്കുക. വെട്ടുകിളികളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ദ്ധനവിന് ഇത് കാരണമായി.


വെട്ടുക്കിളികൾ നിറച്ച ഒരൊറ്റ ചതുരശ്ര കിലോമീറ്ററിന് ഒരു ദിവസം 35,000 പേരുടെ ഭക്ഷണത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് എഫ്എഒ പറയുന്നു. പ്രായപൂർത്തിയായ വെട്ടുക്കിളിയുടെ ഭാരം - രണ്ട് ഗ്രാം മാത്രമായിരിക്കും.  എന്നാല്‍ പുതിയ സസ്യങ്ങൾ കഴിക്കാനും 24 മണിക്കൂർ കാലയളവിൽ 150 കിലോമീറ്റർ (93 മൈൽ) മുകളിലേക്ക് സഞ്ചരിക്കാനും ഇവയ്ക്ക് കഴിയും.


പലയിനം സസ്യങ്ങളുടെ ഇലകളും, ധാന്യങ്ങളും എന്നുവേണ്ട കണ്ണിൽകണ്ടതെന്തും വെട്ടിവിഴുങ്ങുന്ന വിള നശിപ്പിക്കുന്ന ജീവികളാണ് ഇവ. കാണാൻ ഇത്തിരിയേ ഉള്ളൂ എങ്കിലും, ഇവ ആകാശത്തുനിന്ന് കൂട്ടമായി വന്നിറങ്ങുന്ന ആക്കത്തിൽ തന്നെ വിളകൾ പാതിയും നശിച്ചുപോകും.



മതിയായ ഒരുക്കങ്ങൾ നടത്തിയില്ലെങ്കിൽ രാജ്യം ഇന്നേവരെ കാണാത്ത ഭക്ഷ്യക്ഷാമത്തിലേക്കായിരിക്കും വെട്ടുകിളികൾ നമ്മെകൊണ്ടെത്തിക്കുക. രാഷ്ട്രീയമെല്ലാം മാറ്റിവച്ച് ഈ മഹാമാരികളെയും ദുരന്തങ്ങളെയും ഒറ്റക്കെട്ടായി നേരിട്ടാൽ മാത്രമേ പ്രപഞ്ചത്തിൽ ജീവൻ്റെ നാമ്പുകൾ നിലനിൽക്കുകയുള്ളൂ.