പറ്റ്ന:  തന്ത്രപരമായ രാഷ്ട്രീയ നീക്കവുമായി മുന്‍ BJP നേതാവ്   യശ്വന്ത് സിന്‍ഹ.  പുതിയ  മുന്നണി രൂപീകരിച്ച്  ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്  അദ്ദേഹം പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

 പറ്റ്നയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം NDAയ്ക്കെതിരെ മൂന്നാം  മുന്നണി പ്രഖ്യാപിച്ചത്. 


ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ  ശക്തമായ എന്‍.ഡി.എ വിരുദ്ധ മുന്നണിയെന്ന പ്രഖ്യാപനമാണ് യശ്വന്ത് സിന്‍ഹ നടത്തിയിരിക്കുന്നത്.  എന്നാല്‍,  മുന്നണിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. ലാലുപ്രസാദ് യാദവിന്‍റെ  ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്ത പശ്ചാത്തലത്തിലാണ് നീക്കം.


മുന്നണി രൂപീകരണത്തിന്‍റെ ഭാഗമായി  കഴിഞ്ഞ 15 ദിവസമായി യശ്വന്ത് സിന്‍ഹ ബീഹാറിലുണ്ട്. നിരവധി രാഷ്ട്രീയ നേതാക്കളെ കാണുകയും തിരഞ്ഞെടുപ്പിനെകുറിച്ചുള്ള ചര്‍ച്ചയിലുമാണ് അദ്ദേഹം.  മുന്‍ എം.പി അരുണ്‍ കുമാര്‍, മുന്‍ എം.പി നാഗ്മനി, മുന്‍ സംസ്ഥാന മന്ത്രി നരേന്ദ്ര സിങ്, മുന്‍ ആര്‍.ജെ.ഡി എം.പി ദേവേന്ദ്ര യാദവ് എന്നിവര്‍ യശ്വന്ത് സിന്‍ഹയ്‌ക്കൊപ്പമുണ്ട്. മറ്റ് പല നേതാക്കളും മുന്നണിയിലേക്ക് വരുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.


ആർജെഡി, ജെഡിയു, ആർഎൽ എസ് പി  പാർട്ടികൾ വിട്ട വിമത എംപിമാരെ ഒപ്പം കൂട്ടിയാണ് യശ്വന്ത് സിൻഹ ബീഹാറിൽ മൂന്നാം മുന്നണിക്കു ശ്രമിക്കുന്നത്. എന്‍.ഡി.എയ്‌ക്കെതിരെയാണ് തങ്ങളുടെ പോരാട്ടം. ആരൊക്കെയാണോ എന്‍.ഡി.എയ്‌ക്കെതിരെ നില്‍ക്കുന്നത്. അവരെയൊക്കെ സ്വാഗതം ചെയ്യുന്നു. അതെങ്ങനെ മുന്നോട്ട് പോവും എന്ന് പറയുവാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചുവെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.


ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായിരിക്കും ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.