ജയ്പൂര്‍: രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരില്‍ മൂന്ന് ഗര്‍ഭിണികളടക്കം 29 പേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. വൈറസ് പടരുന്നത് സംബന്ധിച്ച പഠനത്തിനായി ഏഴംഗ കേന്ദ്രസംഘം ജയ്പൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്റ്റംബര്‍ 21ന് ജയ്പൂരിലെ ശാസ്ത്രി നഗറിലാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന്​ ആ പ്രദേശത്തും സമീപ വാർഡുകളിലുമായി 179 മെഡിക്കൽ ടീമുകളെയാണ്​ വിന്യസിച്ചത്​. 


വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജയ്പൂരിന് പുറമേ ബിഹാറിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.


കൂടാതെ, സംഭവത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത്​ പ്രധാനമന്ത്രിയുടെ ഓഫീസ്​ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. 


ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്, നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് എന്നിവ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും വൈറസ് നിയന്ത്രണ വിധേയമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 


നേരത്തെ, വൈറസ് ബാധ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.