ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം വഷളായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കണമെന്ന അപേക്ഷയുമായി ഇന്ത്യന്‍ സ്വകാര്യ വിമാന കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. എയര്‍വേസ്, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങിയ കമ്പനികളാണ് അപേക്ഷയുമായി പ്രതിരോധ മന്ത്രാലയത്തെയും വ്യോമയാന മന്ത്രാലയത്തെയും സമീപിച്ചിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എയര്‍ഇന്ത്യ, ജെറ്റ്‌എയര്‍വെയ്സ്,ഇന്റിഗോ,സ്പൈസ് ജെറ്റ് എന്നീ വിമാനകമ്പനികളുടെ വിമാനങ്ങളാണ് അഹമ്മദാബാദില്‍ നിന്ന്  പാകിസ്ഥാന്‍ വ്യോമപാതയിലൂടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നത്. നേരത്തെ  ഇന്ത്യന്‍ വ്യോമപാതയിലൂടെ ചില പാകിസ്ഥാന്‍ വിമാനങ്ങളുടെ യാത്ര ഇന്ത്യ വിലക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പാകിസ്ഥാനും ഇന്ത്യന്‍ വിമാനങ്ങളെ വിലക്കുമെന്ന ഭയത്തിലാണ് കമ്പനികള്‍‍.


അഹമ്മദാബാദില്‍നിന്ന് ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി വ്യോമസേനയ്ക്കും നാവികസേനയ്ക്കും മാറ്റിവച്ചിരിക്കുന്ന വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്‌പൈസ്‌ജെറ്റ് അധികൃതര്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.


എന്നാല്‍, വിമാന കമ്പനികള്‍ ആവശ്യപ്പെടുന്ന മേഖലകളില്‍ സുരക്ഷപ്രധാന്യമുള്ള മേഖലകളും ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഈ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.