Kerala Lottery: `സമ്മാനത്തുക വേണമെങ്കിൽ പുതിയ ടിക്കറ്റുകൾ വാങ്ങണം`; ഭാഗ്യശാലികളെ ചൂഷണം ചെയ്ത് ലോട്ടറി ഏജൻസികൾ
500 മുതൽ 5000 രൂപ വരെയുള്ള ചെറിയ തുകകൾ സമ്മാനമായി നേടുന്നവരാണ് ലോട്ടറി ഏജൻസികളിൽ നിന്ന് ചൂഷണം നേരിടുന്നത്.
കോഴിക്കോട്: സംസ്ഥാനത്തെ ചില ലോട്ടറി ഏജൻസികൾ ഭാഗ്യക്കുറി വിജയികളെ ചൂഷണം ചെയ്യുന്നതായി ആക്ഷേപം. സമ്മാനത്തുക ഉപയോഗിച്ച് കൂടുതൽ ലോട്ടറി ടിക്കറ്റുകൾ വാങ്ങാൻ ലോട്ടറി ഏജൻസികൾ ഇവരെ നിർബന്ധിക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. മറ്റൊരു ഏജൻസിയിൽ നിന്ന് വാങ്ങിയ ടിക്കറ്റുമായി വിജയി വേറെ ലോട്ടറി ഏജൻസിയെ സമീപിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ചൂഷണം നടക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ, സമ്മാനത്തുകയുടെ 10 ശതമാനം ഉപയോഗിച്ച് പുതിയ ലോട്ടറി ടിക്കറ്റുകൾ വാങ്ങിയാൽ മാത്രമെ ഇവർക്ക് സമ്മാനത്തുക കൈമാറുകയുള്ളൂവെന്നാണ് ആക്ഷേപം.
500 മുതൽ 5000 രൂപ വരെയുള്ള ചെറിയ തുകകൾ നേടുന്നവരാണ് ഈ പ്രശ്നം നേരിടുന്നത്. ഉദാഹരണത്തിന്, ഒരാൾ ഭാഗ്യക്കുറിയിലൂടെ 5,000 രൂപ നേടിയാൽ, പുതിയ ടിക്കറ്റുകൾ വാങ്ങുന്നതിന് 200 മുതൽ 500 രൂപ വരെ ചെലവഴിക്കാൻ അയാൾ നിർബന്ധിതനാകുന്നു. മുഴുവൻ തുകയും ലഭിക്കണമെങ്കിൽ ടിക്കറ്റ് വാങ്ങിയ അതേ ലോട്ടറി ഏജൻസിയിൽ തന്നെ പോകേണ്ട അവസ്ഥയാണ് ഇവർക്ക്. എന്നാൽ യാത്രകൾക്കിടയിലും മറ്റും ദൂരെയുള്ള സ്ഥലങ്ങളിൽ നിന്ന് ടിക്കറ്റ് വാങ്ങുന്നവർക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
Also Read: Fever Cases: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു; നിസാരമാക്കരുത്, ജാഗ്രത വേണം
അതേസമയം, ഏജൻസികളെ സമീപിക്കാതെ സർക്കാർ ലോട്ടറി ഓഫീസിലെത്തിയാൽ വിജയികൾക്ക് സമ്മാനത്തുക മുഴുവൻ ലഭിക്കും. എന്നാൽ സർക്കാർ ലോട്ടറി ഓഫീസിൽ പോയി ടിക്കറ്റ് കൈമാറി പണം നേടുന്നത് ഒരു ദിവസം നീണ്ടുനിൽക്കുന്ന ജോലിയാണെന്നും പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നു.
ലോട്ടറി ഏജൻസികൾ സമ്മാനത്തുക മുഴുവൻ വിജയികൾക്ക് കൈമാറണമെന്നും അതുപയോഗിച്ച് ടിക്കറ്റ് വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്നും കോഴിക്കോട് ജില്ലാ ലോട്ടറി ഓഫീസർ ഇൻചാർജ് സിജു പറഞ്ഞു. ഇതുപോലുള്ള സംഭവങ്ങളിൽ ലോട്ടറി വിജയികൾക്ക് പരാതി നൽകാമെന്നും ആ പരാതി തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...