Fever Death: മലപ്പുറത്ത് പനി ബാധിച്ച് ഒരു മരണം; പതിമൂന്നുകാരൻ മരിച്ചത് ചികിത്സയിലിരിക്കെ
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പതിമൂന്നുകാരൻ മരിച്ചത്. ഇന്നലെയാണ് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
മലപ്പുറം: മലപ്പുറത്ത് പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം സ്വദേശി ഗോകുൽ(13) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എന്ത് പനിയാണ് ഗോകുലിനെന്നത് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം കോട്ടയം മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. മണര്‍കാട് സ്വദേശികളുടെ കുഞ്ഞ് ജോഷ് എബിയാണ് മരിച്ചത്. ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഡോസ് കൂടിയ മരുന്ന് നൽകിയ ശേഷം കുഞ്ഞിന്‍റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതം സംഭവിക്കാൻ ഇടയായതെന്നാണ് കുടുംബം ആരോപിക്കുന്നത്.
മെയ് 11നാണ് മണര്‍കാട് പത്താഴക്കുഴി സ്വദേശിയായ പ്രവാസി എബിയുടെയും ജോന്‍സിയുടെയും മകനെ പനിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്. പോസ്റ്റ് കോവിഡ് മിസ്കോ കാവസാക്കി രോഗമാകാം കുഞ്ഞിനെന്ന നിഗമനത്തിലായിരുന്നു ചികിത്സ നടത്തിയിരുന്നത്. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടും പൂര്‍ണമായി രോഗം ശമിക്കാഞ്ഞതിനെ തുടര്‍ന്ന് മെയ് 29 ന് രാത്രി 9 മണിയോടെ കുഞ്ഞിന് ഇന്‍ഫ്ളിക്സിമാബ് എന്ന തീവ്രത കൂടിയ ഇന്‍ജക്ഷന്‍ കുത്തിവയ്ക്കുകയായിരുന്നു. ഈ മരുന്ന് കുത്തിവച്ചാല്‍ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയാമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
കുഞ്ഞ് അസാധാരണമായ വിധം ശ്വാസമെടുക്കുന്നത് കണ്ട് മുറിയിലുണ്ടായിരുന്ന കുഞ്ഞിന്‍റെ അമ്മയുടെ മാതാപിതാക്കള്‍ ബഹളം വച്ചപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി ഡോക്ടര്‍മാരും നഴ്സുമാരും കുഞ്ഞിന്‍റെ ആരോഗ്യനില മോശമാണെന്നറിഞ്ഞതെന്നും കുടുംബം പറയുന്നു. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കുളള മരുന്നുകള്‍ നഴ്സുമാര്‍ നല്‍കാറില്ലെന്നും കൂട്ടിരിപ്പുകാരെ കൊണ്ടാണ് മരുന്നുകള്‍ നല്‍കിയിരുന്നതെന്നുമുളള ആരോപണവും ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കുടുംബം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കുട്ടിക്ക് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നെന്നും ആശുപത്രിയില്‍ ഒരു വിധത്തിലുളള ചികിത്സാപിഴവും ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധമാണ് പ്രധാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങിയിരുന്നതായും പനി ബാധിതരുടെ എണ്ണം സംസ്ഥാനതലത്തിൽ പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തുവരുന്നത് നല്ല ഫലം ചെയ്യും. കണക്കുകൾ നൽകരുതെന്ന നിർദ്ദേശം ഇല്ലെന്നും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാൻ എല്ലാവരും തയ്യാറാകണമെന്നും വീണാ ജോർജ് പറഞ്ഞു.
പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് മന്ത്രി വ്യക്തമാക്കി. പനി നിസാരമായി കാണരുത്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ല. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി മുൻപ് അറിയിച്ചിരുന്നു.
മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള ഔട്ട്‌ബ്രേക്ക് ഉണ്ടായാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കണം. ജില്ലാതല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി സംസ്ഥാനതലത്തില്‍ വിലയിരുത്തി മേല്‍നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. ആശുപത്രികളിലെ സാഹചര്യം യോഗം വിലയിരുത്തി. പനി ക്ലിനിക്കുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജുകളില്‍ ആവശ്യകത മുന്നില്‍ കണ്ട് പ്രത്യേക വാര്‍ഡും ഐസിയുവും സജ്ജമാക്കണം. ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഉണ്ടായിരിക്കണം. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും മരുന്നിന്റേയും സുരക്ഷാ ഉപകരണങ്ങളുടേയും ടെസ്റ്റ് കിറ്റുകളുടേയും ലഭ്യത ഉറപ്പാക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...