കൊച്ചി കൂട്ടബലാത്സംഗം: മൂന്ന് പേര് അറസ്റ്റില്‍
കൊച്ചിയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍..
കൊച്ചി: കൊച്ചിയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍..
എറണാകുളം മഞ്ഞുമ്മലിലാണ് 16 കാരി കൂട്ടബലാത്സംഗത്തിനിരയായത് . സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പോലീസ്. അന്വേഷണം ഉത്തര്‍പ്രദേശിലേയ്ക്ക് നീളുന്നു...
കേസില്‍ പിടിയിലായ പ്രതികള്‍ മൂന്ന് പേരും ഉത്തര്‍പ്രദേശ് സ്വദേശികളാണ്. ഉത്തര്‍പ്രദേശ് റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന് (29), ഹാനുപുര സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ മൂന്ന് പ്രതികള്‍ കൂടിയുണ്ടെന്ന് പോലീസ് പറയുന്നു. ഇവര്‍ കേരളം വിട്ടെന്നാണ് സൂചന. അന്വേഷണം ഉത്തര്‍പ്രദേശിലേക്ക് വ്യാപിപ്പിക്കും.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം അസി. കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്യത്തില്‍ 10 അംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക.
അതിഥിത്തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുകയാണ്
കുട്ടിയെ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഓഗസ്റ്റ് വരെ ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു. മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലായിരുന്നതിനാല്‍ മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികള്‍ താമസിച്ചിരുന്നത് ഈ വീടിന് സമീപമായിരുന്നു. പെണ്‍കുട്ടിയുമായി പരിചയത്തിലായ ശേഷം പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് വിവരങ്ങള്‍ പുറത്ത് അറിയുന്നത്.