മാവോയിസ്റ്റ് ബന്ധം : 3 യുവാക്കള്‍ NIA കസ്റ്റഡിയില്‍...
പന്തീരാങ്കാവ് UAPA കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 3 യുവാക്കള്‍ NIA കസ്റ്റഡിയില്‍...
കോഴിക്കോട്: പന്തീരാങ്കാവ് UAPA കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 3 യുവാക്കള്‍ NIA കസ്റ്റഡിയില്‍...
കോഴിക്കോടും മലപ്പുറത്തും NIAയും പോലീസും നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.
വയനാട് സ്വദേശികളായ വിജിത്ത്, എല്‍ദോ എന്നിവരാണ് കോഴിക്കോട് നിന്ന് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അലന്‍റെയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത് .
കൂടാതെ, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ അഭിലാഷും കസ്റ്റഡിയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം താമസിക്കുന്ന ഇയാളുടെ വീട്ടില്‍ ഏഴ് മണിക്കൂര്‍ പരിശോധന നടത്തിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലും പറഞ്ഞില്ലെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന പരാതി.
കോഴിക്കോടും മലപ്പുറത്തും വിവിധ ഭാഗങ്ങളില്‍ NIA ഇന്ന് റെയ്ഡ് നടത്തിയിയിരുന്നു. കോഴിക്കോട് പെരിയങ്ങാടുള്ള വാടക വീട്ടില്‍ പുലര്‍ച്ചെയാണ് NIA റെയ്ഡ് തുടങ്ങിയത്. പ്രദേശത്ത് ട്യൂഷന്‍ സെന്‍റര്‍ നടത്തുന്ന വയനാട് സ്വദേശികളായ എല്‍ദോ, വിജിത്ത് എന്നിവരെ വീട്ടില്‍ വച്ച് ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശി സജിത്ത് ആ സമയ൦ വീട്ടിലില്ലായിരുന്നു. വീടും പരിസരവും പരിശോധിച്ച സംഘം ലാപ്ടോപ്പും പെന്‍ഡ്രൈവും അടക്കമുള്ളവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, പോലീസ് ഏറ്റുമുട്ടലില്‍ വയനാട്ടില്‍ വച്ച് കൊല്ലപ്പെട്ട സി.പി ജലീലിന്‍റെ സഹോദരന്‍ സി.പി റഷീദിന്‍റെ വീട്ടിലും പരിശോധനകള്‍ നടന്നു. ഒന്‍പത് മൊബൈല്‍ ഫോണ്‍, രണ്ട് ലാപ്പ് ടോപ് , ഇ റീഡര്‍, ഹാര്‍ഡ് ഡിസ്ക്, സിം കാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ നിന്ന് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പോസ്റ്ററുകളും പിടിച്ചെടുത്തെന്നാണ് സൂചന
lock down കാലയളവിലുള്‍പ്പെടെ രാത്രികാലങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ ഇവിടേക്ക് എത്തിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ 27 നാണ് പന്തീരാങ്കാവ് UAPA കേസില്‍ NIA കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രതികളായ അലന്‍ ഷുഹൈബ്,താഹ ഫസല്‍,സി പി ഉസ്മാന്‍ എന്നീ മൂന്നു പേര്‍ക്കെതിരെയാണ് കുറ്റപത്രം. അലന്‍ ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസല് രണ്ടാം പ്രതിയും സി പി ഉസ്മാന് മൂന്നാം പ്രതിയുമാണ്. കൊച്ചിയിലെ NIA കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത് ആറുമാസത്തിനു ശേഷമാണ് മൂന്നു പ്രതികള്‍ക്കെതിരെ NIA കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി, UAPA-13,38,39 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്. ഗൂഡാലോചന, നിയമ വിരുദ്ധ പ്രവർത്തനം, നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചു, അന്യായമായി സംഘംചേരല്‍ തുടങ്ങിയവയാണ് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങള്‍.